യുഎഇ: (www.mediavisionnews.in) ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം നൂറു കടന്നു. ബഹ്റൈൻ, കുവൈത്ത്, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിലായി നൂറ്റിയാറുപേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, സൗദി വിമാനത്താവളങ്ങളിൽ ടൂറിസ്റ്റ് വീസയിലെത്തിയ മലയാളികളടക്കമുള്ളവരെ തിരിച്ചയച്ചു.
ഇറാനിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചത്. കുവൈത്തിൽ 45, ബഹ്റൈനിൽ 36, , ഒമാനിൽ ആറ്, യുഎഇയിൽ പത്തൊൻപതും പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരെയെല്ലാം ഐസൊലേഷൻ കേന്ദ്രങ്ങളിലേക്കു മാറ്റിയതായി ആരോഗ്യമന്ത്രാലയങ്ങൾ അറിയിച്ചു. യുഎഇയിൽ ചികിൽസയിലായിരുന്ന അഞ്ചു പേർ രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരെല്ലാം ഇറാൻ സന്ദർശിച്ചവരാണ്. ഇറാൻ സന്ദർശിച്ചവരെല്ലാം പരിശോധനയ്ക്കു വിധേയരാകണമെന്നു അധികൃതർ നിർദേശിച്ചു കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് വീസയിലെത്തുന്നവർക്ക് സൌദി താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതോടെ ദമാം വിമാനത്താവളത്തിൽ ടൂറിസ്റ്റ് വീസയിലെത്തിയ മലയാളികളുൾപ്പെടെയുള്ളവരെ തിരിച്ചയച്ചു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദുബായ് സൈക്ളിംഗ് ചാംപ്യൻഷിപ്പ്, മനാമ രാജ്യാന്തര പുഷ്പമേള തുടങ്ങി പൊതുപരിപാടികൾ റദ്ദാക്കി. അതേസമയം, എമിറേറ്റ്സ് ഐഡി അടക്കമുള്ള തിരിച്ചറിയൽ കാർഡുകളുപയോഗിച്ചു ജിസിസി രാജ്യങ്ങൾ സന്ദർശിക്കരുതെന്നു യുഎഇ, സൌദി, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ പ്രവാസികൾക്കു നിർദേശം നൽകി. പാസ്പോർട് മാത്രമുപയോഗിച്ചായിരിക്കണം ജിസിസി രാജ്യങ്ങളിലേക്കുള്ള യാത്രകളെന്നാണ് നിർദേശം.