‘ഉള്ളി’ക്ക് ശേഷം കരയിക്കാന്‍ വറ്റല്‍ മുളക്; ഇതെന്ത് ദുര്‍വിധിയെന്ന് ജനം!

0

കോഴിക്കോട്: (www.mediavisionnews.in) ചെറിയ ഉള്ളിക്കും വലിയ ഉള്ളിക്കും കുത്തനെ വിലയുയര്‍ന്നതിനെ തുടര്‍ന്ന് ഏറെ നാളായി ദുരിതത്തിലായിരുന്നു ജനം. വലിയ ഉള്ളിയുടെ വില താഴ്‌ന്നെങ്കിലും ചെറിയ ഉള്ളി കത്തുന്ന വിലയില്‍ തന്നെ തുടരുകയാണിപ്പോഴും.

ഇതിനിടയിലാണ് അടുത്ത തിരിച്ചടിയും വന്നിരിക്കുന്നത്. വറ്റല്‍ മുളകാണ് ഇക്കുറി കാലുവാരിയിരിക്കുന്നത്. 200 രൂപയ്ക്ക് മുകളിലാണ് കേരളത്തില്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ വറ്റല്‍ മുളകിന്റെ വില. വറ്റല്‍ മുളകുപയോഗിക്കാത്ത വീടുകളില്ലെന്ന് വേണമെങ്കില്‍ പറയാം. അത്രയും വ്യാപകമായി അടുക്കളകളില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണിത്. എന്നാല്‍ ഈ പോക്കാണെങ്കില്‍ ഇനി കടുക് വറുത്തിടാന്‍ പോലും വറ്റല്‍ മുളക് വേണ്ടെന്ന് തീരുമാനത്തിലേക്ക് വീട്ടമ്മമാരെത്തുമെന്നാണ് തോന്നുന്നത്.

വറ്റല്‍ മുളകില്‍ തന്നെ പിരിയന്‍, പാണ്ടി എന്നീ വിഭാഗങ്ങളാണ് നമ്മുടെ മാര്‍ക്കറ്റില്‍ വ്യാപകമായി എത്തിക്കൊണ്ടിരിക്കുന്നത്. ഈ രണ്ടിനത്തില്‍പ്പെട്ട മുളകിനും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 40 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. കശ്മീരി മുളകിന്റെ വിലയും ഇക്കൂട്ടത്തില്‍ വര്‍ധിച്ചിട്ടുണ്ട്. പൂഴ്ത്തിവയ്പാണ് വിലവര്‍ധനവിന് കാരണമാകുന്നതെന്നാണ് ഒരു വിഭാഗം കച്ചവടക്കാര്‍ പറയുന്നത്.

കേരളത്തിലേക്ക് പ്രധാനമായും തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് വറ്റല്‍ മുളകെത്തുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രളയം മുളക് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതാണ് വിലവര്‍ധനവിന്റെ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലങ്കാനയില്‍ കഴിഞ്ഞ മാസം വറ്റല്‍ മുളകിന്റെ വില റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കനത്തെ മഴയെ തുടര്‍ന്ന് കൃഷിനഷ്ടമുണ്ടായതാണ് ഇതിന് കാരണമെന്നായിരുന്നു അന്ന് കച്ചവടക്കാര്‍ നല്‍കിയ വിശദീകരണം.

എന്തായാലും ഈ മാസം അവസാനത്തോടെ വറ്റല്‍ മുളകിന്റെ വില താഴുമെന്നാണ് സൂചന. മുളകിന് മാത്രമല്ല പരിപ്പ്, ഉഴുന്ന് പരിപ്പ്, ഗ്രീന്‍ പീസ്, മല്ലി, പാം ഓയില്‍ എന്നിങ്ങനെ വിവിധ പലവ്യഞ്ജനങ്ങള്‍ക്കും വില കൂടിക്കൊണ്ടേയിരിക്കുന്നത് ജനത്തിന് വലിയ ദുരിതമാണുണ്ടാക്കുന്നത്. അവശ്യസാധനങ്ങളുടെ വില ഇത്തരത്തിൽ അനിയന്ത്രിതമായി കൂടുന്നതില്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള നയം കൈക്കൊള്ളണമെന്നുള്ള ആവശ്യവും ഇതോടെ ശക്തമാകുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here