17-ല്‍ നിന്ന് 27-ലേക്ക്; ആ പത്തുപേരും പാര്‍ട്ടിയിലെത്തി; ഗോവയില്‍ ബി.ജെ.പിക്ക് വേണമെങ്കില്‍ ഇനി ഒറ്റയ്ക്കു ഭരിക്കാം

0
171

ന്യൂദല്‍ഹി (www.mediavisionnews.in) :കര്‍ണാടകത്തിലും ഗോവയിലും രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു. ഗോവയില്‍ ബി.ജെ.പിയില്‍ ചേരുമെന്നു പ്രഖ്യാപിച്ച 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒടുവില്‍ ഔദ്യോഗികമായി പാര്‍ട്ടിപ്രവേശം നടത്തി. സംസ്ഥാന മന്ത്രിസഭയില്‍ തങ്ങളില്‍ ചിലരെ ബി.ജെ.പി ഉള്‍പ്പെടുത്തിയതിനു തൊട്ടുപിറകെയായിരുന്നു ഇവരുടെ പ്രവേശം.

ദല്‍ഹിയില്‍ ഇന്ന് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പ്രവേശനം. നാളെ ഗോവയിലേക്ക് ഇവര്‍ തിരിച്ചുപോകും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നാളെത്തന്നെ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷായുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.

കാവ്‌ലേക്കര്‍, ഇസിദോര്‍ ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സില്‍വേര, ഫിലിപ്പെ നെരി റോഡ്രിഗസ്, ജെന്നിഫര്‍, അടാനാസിയോ മോണ്‍സറേറ്റ്, നിളാകാന്ത് ഹലാന്‍കര്‍, ക്ലഫേഷിയോ ഡയസ്, വില്‍ഫ്രഡ് ഡിസ എന്നിവരാണ് ഇന്ന് ബി.ജെ.പിയിലേക്കു ചേക്കേറിയത്.

കര്‍ണാടകത്തില്‍ നിലനില്‍പ്പിനായി ശ്രമിക്കുന്നിതിനിടെ ഗോവയില്‍ പരിതാപകരമായ അവസ്ഥയിലേക്കാണ് കോണ്‍ഗ്രസ് വീണത്. 10 എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിട്ടതോടെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് ആകെയുള്ളത് അഞ്ച് നിയമസഭാംഗങ്ങളായി.

അതേസമയം 17 എം.എല്‍.എമാര്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പിക്ക് 27 പേരായിക്കൂടി. ഇതോടെ നാല്‍പ്പതംഗ നിയമസഭയില്‍ ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനും അവര്‍ക്കാകും. സഖ്യകക്ഷികളുടെ പിന്തുണയോടെ ബി.ജെ.പി രണ്ടുവര്‍ഷമായി ഇവിടെ ഭരിക്കുന്നത്. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കകക്ഷിയായിരുന്നു കോണ്‍ഗ്രസ്. സഖ്യകക്ഷികളെ കൂട്ടിയായിരുന്നു കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി ഇവിടെ ഭരണത്തിലേറിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here