കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകം; കൊന്നത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ

0
163

കാസർകോട്(www.mediavisionnews.in): കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകർ എന്ന് പ്രഥമാന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

കൊല്ലപ്പെട്ട ശ്യാംലാലിന്‍റേയും കൃപേഷിന്‍റേയും ഇൻക്വസ്റ്റ് റിപ്പോർട്ടും പുറത്തുവന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോർട്ട്. ശരത് ലാലിന് കഴുത്തിന്‍റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത്‍ലാലിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മിൽ കൂടിക്കലർന്ന രീതിയിൽ മാരകമായ മുറിവുകളാണ് കാലുകളിൽ.  

കൃപേഷിന്‍റെ നെറ്റിയുടെ തൊട്ടുമുകളിൽ മൂർദ്ധാവിൽ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്‍റീമീറ്റർ നീളത്തിലും രണ്ട് സെന്‍റീമീറ്റർ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകർന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ശരത്‍ലാൽ മരിച്ചത്. കൊടുവാൾ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം പൂർത്തിയായതിന് ശേഷം ശ്യാംലാലിന്‍റേയും കൃപേഷിന്‍റേയും മൃതദേഹങ്ങൾ പരിയയിലെ കോൺഗ്രസ് ഓഫീസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. വൈകുന്നേരത്തോടെ ഇരുവരുടേയും വീട്ടുവളപ്പിൽ സംസ്കാരം നടത്താനാണ് തീരുമാനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here