തൃക്കരിപ്പൂർ:പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂൾ ഗ്രൂപ്പ്-2 ഗെയിംസ് ചാമ്പ്യൻഷിപ്പിന് തൃക്കരിപ്പൂരിൽ തുടക്കമായി. വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.
ജയിക്കാനുള്ള ആഗ്രഹത്തിനൊപ്പം സ്വയം അതിജീവിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് കുട്ടികൾ മത്സരിക്കേണ്ടതെന്ന് എം.പി പറഞ്ഞു. വിജയം മനസ്സിന്റെ ശക്തിയിൽ നിന്നാണ് ഉണ്ടാകുന്നതെന്നും പരാജയങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ താരങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോർട്‌സ് ഓർഗനൈസർ അജിത് വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.പി. റഫീഖ് സ്വാഗതവും റവന്യൂ ജില്ലാ സ്‌പോർട്‌സ് കോ-ഓർഡിനേറ്റർ ടി.ആർ. പ്രീതിമോൾ നന്ദിയും പറഞ്ഞു. വിവിധ ജനപ്രതിനിധികളും വിദ്യാഭ്യാസ-കായിക വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
തൃക്കരിപ്പൂരിലെ വിവിധ വേദികളിലായി കബഡി, സെപക് താക്രോ, ടെന്നിക്കോയ്റ്റ് ഇനങ്ങളിൽ 1,300-ലേറെ കായികതാരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി വിശിഷ്ടാതിഥികൾ താരങ്ങളെ പരിചയപ്പെട്ടു.
കബഡി ഫലം
സബ് ജൂനിയർ ബോയ്‌സ്
1. കാസർകോട്
2. പാലക്കാട്
3. എറണാകുളം
4. ഇടുക്കി
സബ് ജൂനിയർ ഗേൾസ്
1. കോഴിക്കോട്
2. പാലക്കാട്
3. തൃശ്ശൂർ
4. ആലപ്പുഴ

