ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയില്‍. ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കിലെ വർധനവിൽ വീണ്ടും വിമര്‍ശനമുയരുന്ന സാചര്യത്തിലാണ് റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നത്.
ധനസഹായത്തിന് പകരം, ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി സുതാര്യമായി ലോജിസ്റ്റിക്‌സ് സുഗമമാക്കുമെന്നായിരുന്നു റിജിജുവിന്റെ പ്രതികരണം.
‘ഹാജിമാര്‍ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അവര്‍ അവരുടെ സ്വന്തം പണം ഉപയോഗിച്ചാണ് ഹജ്ജിന് പോകുന്നത്. അതുകൊണ്ട് തന്നെ ഹജ്ജിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കില്ല,’ എന്നായിരുന്നു റിജിജുവിന്റെ പ്രസ്താവന.
ഹജ്ജിന് പോകുന്ന ഓരോ മുസല്‍മാനും യാത്രക്കായി സ്വന്തം പണവും സംഭവനകളുമാണ് ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഭരണപരമായ ക്രമീകരണങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞിരുന്നു.
2018ല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി കേന്ദ്ര സർക്കാർ പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി. അതേസമയം പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും ഇന്ധനവിലയിലെ വര്‍ധനവുമാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായത്.
തുടക്കത്തില്‍ ഏകദേശം 40,000 രൂപയായിരുന്നു വിമാന കമ്പനികള്‍ കുത്തനെ വര്‍ധിപ്പിച്ചത്. പിന്നീട് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇത് 10,000 രൂപയായി കുറച്ചിരുന്നു.
എന്നാല്‍ ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രി കിരണ്‍ റിജിജുവിന് കത്തയച്ചിരുന്നു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ ആവശ്യം.
നിലവില്‍ 2027 ഹജ്ജ് തീര്‍ത്ഥാടനത്തിനായി കേരളത്തില്‍ നിന്ന് 11,139 പേര്‍ക്കാണ് അവസരം ലഭിച്ചത്. 8,176 പേര്‍ക്ക് നേരിട്ടും 2,964 പേര്‍ക്ക് നറുക്കെടുപ്പിലൂടെയുമാണ് അവസരം ലഭിച്ചത്.
6,493 പേര്‍ കൊച്ചി നെടുമ്പാശ്ശേരി വഴിയും 3,021 പേര്‍ കണ്ണൂര്‍ വഴിയും 1,625 പേര്‍ കരിപ്പൂര്‍ വഴിയുമാണ് തീര്‍ത്ഥാടകര്‍ യാത്രതിരിക്കുക. ഇതിനുപിന്നാലെയാണ് ടിക്കറ്റ് നിരക്കിലെ വർധനവും റിജിജുവിന്റെ പരാമർശവും വീണ്ടും ചർച്ചയായത്.

