ഡാലസ്: ലോകകപ്പിൽ ഏറെ വിവാദമായ സംഭവമായിരുന്നു ക്വാർട്ടർ ഫൈനലിൽ സ്വിസ് താരം ബ്രീൽ എംബോളോയ്ക്ക് ലഭിച്ച ചുവപ്പ് കാർഡ്. അർജന്റീനക്കെതിരേ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി താരം പുറത്തായതാണ് ചർച്ചയായത്. മിസ്‌റ്റേക്കൺ ഐൻഡന്റിറ്റിയുമായി ബന്ധപ്പെട്ട നിയമമാണ് താരത്തിന്റെ പുറത്താകലിലേക്ക് വഴിവെച്ചത്. ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ഫുട്‌ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി). എംബോളോയ്ക്ക് ചുവപ്പ് കാർഡ് നൽകിയത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ഐഎഫ്എബിയുടെ വിശദീകരണം.
മത്സരത്തിന്റെ 72-ാം മിനിറ്റിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വിസ്റ്റർലൻഡ് ഒരു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയാണിത് സംഭവിച്ചത്. അർജന്റീനയുടെ ലിയാൻന്ദ്രോ പരഡെസ് ഫൗൾ ചെയ്തതിനെ തുടർന്ന് എംബോളൊ ഗ്രൗണ്ടിൽ വീഴുകയും റഫറി പരഡെസിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. എന്നാൽ, അർജന്റീനൻ മിഡ്ഫീൽഡർ ഫൗൾ ചെയ്തിട്ടില്ലായിരുന്നു. ഇതിൽ വാർ ഇടപെടുകയും റഫറിയെ മോണിറ്ററിന് അടുത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. പരഡെസ് ഫൗൾ ചെയ്തിട്ടില്ലെന്ന് തെളിയുകയും മന:പൂർവ്വം ഗ്രൗണ്ടിൽ വീണ എംബോളൊയ്ക്ക് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. നേരത്തേതന്നെ ഒരു മഞ്ഞക്കാർഡ് ലഭിച്ചിരുന്ന എംബോളൊയ്ക്ക് കണ്ണീരോടെ കളം വിടേണ്ടി വന്നു. സ്വിറ്റ്‌സർലൻഡ് പത്ത് പേരായി ചുരുങ്ങുകയും ചെയ്തു.
ഐഎഫ്എബിയുടെ മിസ്‌റ്റേക്കൺ ഐൻഡന്റിറ്റിയുമായി ബന്ധപ്പെട്ട നിയമമാണ് അവിടെ പ്രാവർത്തികമാക്കിയത്. റഫറിയെ വഞ്ചിക്കാൻ കളിക്കാരൻ ശ്രമിച്ചതായി കണ്ടെത്തിയാൽ മഞ്ഞക്കാർഡിലൂടെ മുന്നറിയിപ്പ് നൽകണം എന്നാണ് ഐഎഫ്എബിയുടെ ലോ 12 (ഫൗളുകളും ദുരുപയോഗങ്ങളും), സെക്ഷൻ 3-യിൽ പറയുന്നത്. സ്‌പോർട്‌സ്മാൻ സ്പിര്റ്റിന് ചേരാത്ത വിധത്തിൽ കളിക്കളത്തിൽ അഭിനയിച്ച് റഫറിയെ തെറ്റിദ്ധരിപ്പിച്ചതാണ് എംബോള ചെയ്ത കുറ്റം. എന്നാൽ, മിസ്റ്റേക്കൺ ഐഡന്റിറ്റി നിയമം അത്തരത്തിലല്ല ഉപയോഗിക്കേണ്ടതെന്നാണ് ഐഎഫ്എബി പറയുന്നത്.
കാർഡ് തെറ്റായ കളിക്കാരനാണോ നൽകിയത് എന്ന് പരിശോധിക്കാൻ മാത്രമേ വാർ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് ഐഎഫ്എബി വ്യക്തമാക്കുന്നത്. അതിനപ്പുറം അവിടെ ഒരു ഫൗൾ നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പുനഃപരിശോധിക്കാനോ തിരുത്താനോ കഴിയില്ലെന്നുമാണ് നൽകുന്ന വിശദീകരണം. മത്സരത്തിൽ അവിടെ ഒരു ഫൗൾ നടന്നിട്ടുണ്ടോ എന്ന് വാർ പരിശോധന നടത്തിയതോടെയാണ് എംബോളോയ്ക്ക് കാർഡ് ലഭിക്കുന്നത്. അതായത് അന്നത്തെ മത്സരത്തിൽ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് നൽകിയ നടപടി തെറ്റായിരുന്നുവെന്ന് ഐഎഫ്എബി ചൂണ്ടിക്കാട്ടുന്നു.
ലോകകപ്പിലെ യുഎസ്എ-പരാഗ്വെ മത്സരത്തിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് പരാഗ്വെ താരം മിഗ്വൽ അൽമിറോണിനെ ഫൗൾ ചെയ്തതിന് യുഎസ്എ താരം ടിം റീമിന് റഫറി മഞ്ഞക്കാർഡ് നൽകി. എന്നാൽ, വാർ പരിശോധനയിൽ അൽമിറോൺ മന:പൂർവ്വം ഡൈവ് ചെയ്തതാണെന്ന് കണ്ടെത്തുകയും റീമിന്റെ കാർഡ് റദ്ദാക്കി അൽമിറോണിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിൽ മിസ്റ്റേക്കൺ ഐഡന്റിറ്റി നിയമപ്രകാരം വാർ ഇടപെടുന്ന ആദ്യ സംഭവം കൂടിയായിരുന്നു അത്. എന്നാൽ, ഈ നിയമപ്രകാരം രണ്ടാം മഞ്ഞക്കാർഡ് വാങ്ങി കളം വിടേണ്ടിവരുന്ന ആദ്യ താരമായി എംബോളൊ മാറി.

