ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സിജെപി പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ എന്തുവന്നാലും രാജിവെക്കില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടില്ലെന്നുമുള്ള നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ ജന്തർ മന്തറിൽ തുടങ്ങിയ പ്രതിഷേധം രാജ്യവ്യാപകമായി പടർന്നതോടെ കേന്ദ്രസർക്കാർ മുട്ടുമടക്കുകയായിരുന്നു.
സമരം വിജയമാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ പ്രതികരിച്ചു. സിജെപി നേതാക്കളുമായി കേന്ദ്രം മൂന്നാംഘട്ട ചർച്ച നടത്താനിരിക്കെയാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മന്ത്രി പ്രതിഷേധത്തെ തുടർന്ന് മോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. 12 വർഷത്തെ മോദി ഭരണത്തിൽ ഒരു മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതും ആദ്യമായാണ്.
പ്രതിഷേധക്കാർക്ക് എതിരായ കേസുകൾ പിൻവലിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. പ്രതികാര നടപടികൾ പാടില്ല. ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്കുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നൽകണമെന്നും സിജെപി ആവശ്യപ്പെട്ടു.

