അടുക്കളയിലും ഇനി എഥനോൾ; പദ്ധതിപദ്ധതിയുമായി കേന്ദ്രം; എൽ.പി.ജിക്ക് പകരമാകുമോ?

0
61

ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യവ്യാപകമാക്കിയതിന് പിന്നാലെ വീടുകളിലെ പാചക ഇന്ധനമായും എഥനോള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള നയരൂപീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. എല്‍പിജിക്കൊപ്പം എഥനോളിനെ പ്രധാന പാചക ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള നയങ്ങളാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തയ്യാറാക്കുന്നത്. എഥനോള്‍ കലര്‍ത്തിയ പെട്രോളുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അടുത്ത നീക്കം.

രാജ്യത്തിന്റെ എല്‍പിജി ഇറക്കുമതിയും, അതുവഴി ഇന്ധനത്തിന് മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതും കുറയ്ക്കുക, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക, ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. എഥനോള്‍ വിതരണ ശൃംഖല വ്യാപിപ്പിക്കല്‍, സബ്‌സിഡി, എഥനോള്‍ ഉപയോഗിച്ചുള്ള പ്രത്യേക അടുപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നയത്തിന്റെ ഭാഗമാകുക.

പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന പദ്ധതി വിജയകരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാചക ഇന്ധന മേഖലയിലേക്കും എഥനോള്‍ വ്യാപിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതുവഴി കരിമ്പ്, ചോളം തുടങ്ങിയ വിളകളില്‍നിന്നുള്ള എഥനോള്‍ ഉല്‍പ്പാദനത്തിന് കൂടുതല്‍ പ്രോത്സാഹനം ലഭിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

വീടുകളില്‍ പാചക ഇന്ധനമായി എല്‍പിജിക്കൊപ്പം എഥനോളും ഉപയോഗിക്കുന്ന രീതിയില്‍ ഒരു ബദല്‍ ‘ക്ലീന്‍ കുക്കിങ്’ നയം തയ്യാറാക്കിവരികയാണെന്നും സെപ്റ്റംബറോടെ രൂപരേഖയാകുമെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എല്‍പിജിക്ക് പകരമായി എഥനോള്‍ ഉടന്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന തീരുമാനം ഉണ്ടായിട്ടില്ല. സുരക്ഷ, ചെലവ്, ഉപഭോക്തൃ സ്വീകാര്യത, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ നയം പ്രഖ്യാപിക്കുക. പാചകവാതക സ്റ്റൗകളില്‍ എഥനോള്‍ ഉപയോഗിച്ചുള്ള പരീക്ഷണം കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടന്നുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here