റായ്പൂർ: ഇ 20 പെട്രോൾ(20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചത് കാരണം വാഹനത്തിന് തകരാറുണ്ടായെന്ന പരാതിയിൽ ഉപഭോക്താവിന് അനുകൂലവിധി. ഛത്തീസ്ഗഢിലെ റായ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഇ20 പെട്രോളുമായി ബന്ധപ്പെട്ട പരാതിയിൽ ഉപഭോക്തൃ കമ്മീഷൻ രാജ്യത്ത് പുറപ്പെടുവിക്കുന്ന ആദ്യത്തെ ഉത്തരവാണിതെന്നും ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.
വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ ചെലവായ തുക വാഹനനിർമാതാവും ഡീലറും നൽകണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്. ഇതിനുപുറമേ പരാതിക്കാരനുണ്ടായ മാനസികപ്രയാസങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും നിയമനടപടികൾക്ക് ചെലവായ തുക നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടുണ്ട്.
ഇ20 പെട്രോൾ ഉപയോഗിച്ചത് കാരണം വാഹനത്തിന് തുടർച്ചയായ എൻജിൻ തകരാറുകളും ഇന്ധനക്ഷമതയിൽ കുറവും ഉണ്ടായെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ആവർത്തിച്ച് അറ്റകുറ്റപ്പണി ചെയ്തിട്ടും തകരാറുകൾ തീരുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. എന്നാൽ, വാഹന നിർമാതാവും ഡീലറും പരാതിക്കാരന്റെ വാദങ്ങളെ എതിർത്തു. പ്രസ്തുത മോഡൽ വാഹനം ഇ20 പെട്രോളിന് അനുയോജ്യമായതാണെന്നായിരുന്നു ഇവരുടെ വാദം. സാധാരണയായ തേയ്മാനം, സർവീസ് പ്രശ്നങ്ങൾ എന്നിവയാകാം ഇത്തരം തകരാറുകൾക്ക് കാരണമെന്നും ഇവർ വാദിച്ചു. എന്നാൽ, കമ്മീഷൻ ഈ വാദങ്ങൾ അംഗീകരിച്ചില്ല. ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾക്ക് ശേഷവും തകരാറുകൾ തുടരുന്നത് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്ന പരാതിക്കാരന്റെ വാദത്തെ സാധൂകരിക്കുന്നതാണെന്ന് കമ്മീഷൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇ20 പെട്രോൾ ആണ് പമ്പുകളിൽ ലഭിക്കുന്നത്. അതിനാൽ ഉപഭോക്താക്കൾക്ക് മറ്റൊരു ഓപ്ഷനില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. തുടർന്നാണ് അറ്റകുറ്റപ്പണികൾക്ക് ചെലവായ തുകയും നഷ്ടപരിഹാരവും നൽകാൻ കമ്മീഷൻ വിധിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ പലിശസഹിതം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

