കോഴിക്കോട്: സംഘ്പരിവാർ ബന്ധമുള്ളവരെ യുഡിഎഫ് സർക്കാർ ഉന്നത പദവിയിൽ ഇരുത്തുന്നു എന്ന ആരോപണം ഗൗരവമായി പരിശോധിക്കണമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. ഇക്കാര്യം ചർച്ച ചെയ്യുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. ചർച്ചയിൽ യുഡിഎഫ് എന്ത് തീരുമാനമെടുക്കും എന്ന് നോക്കി പ്രതികരിക്കും.
വർഗീയതക്കെതിരെ സന്ധി ചെയ്യില്ല എന്ന ഉറച്ച നിലപാടെടുത്ത നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അതിന് കൂടിയുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിൽ ജനം നൽകിയത്. അതിൽ നിന്ന് വ്യതിയാനമുണ്ടായോ എന്ന് യുഡിഎഫ് ആണ് ചർച്ച ചെയ്യേണ്ടത്. ഇക്കാര്യം ലീഗ് യുഡിഎഫിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂക്കോട്ടൂർ പറഞ്ഞു.
ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി ആർഎസ്എസ് ബന്ധമുള്ളയാളെ നിയമിച്ചത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് എസ്‌വൈഎസ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ലീഗുമായി അടുത്ത ബന്ധമുള്ള നേതാവാണ് അബ്ദുസമ്മദ് പൂക്കോട്ടൂർ.

