മൂന്ന് മാസത്തിനിടെ ഉംറക്കെത്തിയത്1.12 കോടിയിലധികം തീർഥാടകർ; 57 ലക്ഷവും വിദേശികൾ

0
29

ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ആകെ തീർഥാടകരിൽ 56.8% ആയി 64 ലക്ഷം പുരുഷന്മാരും, 43.2% ആയി 48 ലക്ഷം സ്ത്രീകളുമാണ്. തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് സൗദി ഹജ്ജ്-ഉംറ മന്ത്രാലയവും ഇരുഹറം കാര്യാലയവും ഒരുക്കിയിരുന്നത്.

വിദേശത്തുനിന്നുള്ള തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ തീർഥാടകരിൽ 57 ലക്ഷം പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബാക്കി 55 ലക്ഷം പേർ മാത്രമാണ് സൗദിക്ക് അകത്തുനിന്നുള്ള ആഭ്യന്തര തീർഥാടകർ. വിദേശത്തുനിന്ന് എത്തിയ 57 ലക്ഷം പേരിൽ സ്ത്രീകളാണ് കൂടുതൽ. 30 ലക്ഷം സ്ത്രീകളാണ് ഇക്കാലയളവിൽ വിദേശത്തുനിന്ന് ഉംറക്കെത്തിയത്. അതായത് ആകെ വിദേശ തീർഥാടകരുടെ 53 ശതമാനമാണിത്. അതേസമയം, പുരുഷന്മാർ 47%ത്തോടെ 26 ലക്ഷമായിരുന്നു.

സൗദിക്ക് അകത്ത് നിന്ന് ഉംറ നിർവഹിച്ച ആഭ്യന്തര തീർഥാടകരിൽ ഭൂരിഭാഗവും പ്രവാസികളായിരുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളനുസരിച്ച് 55 ലക്ഷം പേരാണ് സൗദിക്ക് അകത്തു നിന്ന് ഉംറ നിർവഹിക്കാനെത്തിയത്. ഇതിൽ 26 ലക്ഷം പേർ മാത്രമാണ് സൗദി പൗരന്മാർ. ബാക്കി 29 ലക്ഷം പേരും രാജ്യത്ത് താമസിക്കുന്ന വിദേശികളാണ്. ഇവരിൽ കൂടുതലും പുരുഷന്മാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഈ മൂന്ന് മാസങ്ങളിൽ മദീനയിലെ പ്രവാചക പള്ളിയിലേക്കും വൻ ജനപ്രവാഹമുണ്ടായി. 56 ലക്ഷത്തിലധികം പേരാണ് ഇക്കാലയളവിൽ മാത്രം മസ്ജിദുന്നബവി സന്ദർശിക്കാനെത്തിയത്. ഇതിൽ 38 ലക്ഷവും വിദേശികളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 52.1 ശതമാനം സ്ത്രീകളും 47.9 ശതമാനം പുരുഷന്മാരുമാണ്. സൗദിക്ക് അകത്തുനിന്ന് മതപരമായ ആവശ്യങ്ങൾക്കായി 18 ലക്ഷം പേർ മദീന സന്ദർശിച്ചു. ഇതിൽ പത്ത് ലക്ഷത്തോളം പേർ സൗദി പൗരന്മാരും 8,69,000 പേർ സൗദിയിലുള്ള വിദേശികളുമാണ്. ഇവരിൽ 65.8 ശതമാനം പുരുഷന്മാരും 34.2 ശതമാനം സ്ത്രീകളുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here