അവസാനം വരെ സഖാവ്, പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും -കെ.ടി ജലീല്‍

0
82

മലപ്പുറം: അവസാനം വരെയും പിണറായിക്കും സിപിഎമ്മിനും പിന്നില്‍ അടിയുറച്ചു മുന്നേറുമെന്ന പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ കെ.ടി ജലീല്‍. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്‍ക്കുമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാര്‍ട്ടി തെറ്റുകള്‍ തിരുത്തും. നേതാക്കളും പ്രവര്‍ത്തകരും പിശകുകളെ മറികടക്കും. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ചെറുത്ത് തോല്‍പിക്കുമെന്നും ജലീല്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ നിന്നും വീണ്ടും മത്സരിച്ച ജലീല്‍ പരാജയപ്പെട്ടിരുന്നു. ആദ്യം മത്സരിക്കുന്നില്ലെന്ന തീരുമാനമെടുത്ത ജലീല്‍ പിന്നീട് പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങി മത്സരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, വിഎസ് ജോയിയോട് ജലീല്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്‍ക്കും.

അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്‍മുറക്കാരന്‍ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും.

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാര്‍ട്ടി തെറ്റുകള്‍ തിരുത്തും. നേതാക്കളും പ്രവര്‍ത്തകരും പിശകുകളെ മറികടക്കും. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ചെറുത്ത് തോല്‍പിക്കും.

സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം അസംബന്ധങ്ങള്‍. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും. ലാല്‍സലാം

LEAVE A REPLY

Please enter your comment!
Please enter your name here