Home Latest news സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

0
56

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും എം.കെ. സ്റ്റാലിനും ചേർന്ന് വിജയിയെ സ്വീകരിച്ചു.

എം.കെ. സ്റ്റാലിന്റെ വീട്ടിലെത്തിയ വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വിജയിയെ ഹസ്തദാനം ചെയ്ത് കെട്ടിപ്പിടിച്ച് വീടിനത്തേക്ക് ആനയിക്കുന്ന എം.കെ. സ്റ്റാലിനേയും ദൃശ്യങ്ങളിൽ കാണാം. എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി വിജയിയെ പൊന്നാടയണിയിക്കുന്നതും തിരിച്ച് സ്റ്റാലിനെ ആദരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉദയനിധി സ്റ്റാലിൻ വിജയിക്ക് പുസ്കം സമ്മാനിച്ചു.

വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റത്. 60 വർഷത്തിനുശേഷമാണ് ദ്രാവിഡ പാർട്ടിയല്ലാത്ത ഒരു പാർട്ടി തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്. വിജയിക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പോലീസ് എന്നീ വകുപ്പുകൾ വിജയ് കൈകാര്യം ചെയ്യും.

സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രീയ, സിനിമാ മേഖലയിൽനിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

മറ്റ് നിയമസഭാംഗങ്ങൾ തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തി പിന്തുണ തെളിയിക്കണമെന്നാണ് വിജയ്‌യോടുള്ള ഗവർണറുടെ നിർദേശം. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനാണ് പ്രതിപക്ഷ നേതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here