സ്ത്രീകൾക്ക് മാസം 2,500, അമ്മമാർക്ക് 15,000, സൗജന്യ സിലിൻഡർ, സ്വർണം; TVK-യുടെ പ്രകടനപത്രിക പുറത്ത്

0
16

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടനും തമിഴക വെട്രി കഴകം (ടി.വി.കെ.) പാർട്ടി അധ്യക്ഷനുമായ വിജയ് പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീക്ഷേമത്തിനും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനുമാണ് പത്രികയിൽ പ്രധാന ഊന്നൽ നൽകിയത്. കുടുംബനാഥകളായ 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്നതാണ് പ്രധാന വാഗ്ദാനം. ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും വർഷത്തിൽ ആറ് എൽപിജി സിലിൻഡറുകൾ സൗജന്യമായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ വധുക്കൾക്ക് വിവാഹ സഹായമായി ഒരു പവൻ സ്വർണവും പട്ടുശീലയും നൽകുമെന്നും പത്രിക ഉറപ്പുനൽകുന്നു.

സ്ത്രീകൾ നടത്തുന്ന സ്വയം സഹായ സംഘം യൂണിറ്റുകൾക്ക് (SHGs) അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്പ നൽകും. വിദ്യാർഥികൾ സ്‌കൂളിൽനിന്ന് കൊഴിഞ്ഞുപോകാതിരിക്കാൻ കുട്ടികളുടെ അമ്മമാർക്ക് പ്രതിവർഷം 15,000 രൂപ ധനസഹായവും വിജയ് ഉറപ്പുനൽകി.

ഉന്നത പഠനത്തിനായി 20 ലക്ഷം രൂപവരെ പലിശരഹിത വിദ്യാഭ്യാസ വായ്പ നൽകുകയും ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ അത്യാധുനിക സൗകര്യങ്ങളുള്ള സൗജന്യ റെസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കുകയും ചെയ്യും. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന വൻകിട ആരോഗ്യ പദ്ധതിയും പ്രകടനപത്രികയിലുണ്ട്. കൂടാതെ, ലഹരിമുക്ത തമിഴ്നാട് എന്ന ലക്ഷ്യത്തോടെ മയക്കുമരുന്ന് കടത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും വിജയ് വ്യക്തമാക്കി.

തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,500 രൂപയും സ്‌റ്റൈപ്പൻഡ് നൽകും. ഒപ്പം അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. കർഷകരുടെ അഞ്ചേക്കറിൽ താഴെയുള്ള കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളും. കരിമ്പിന് മിനിമം താങ്ങുവില ടണ്ണിന് 4,500 രൂപയായും നെല്ലിന് ക്വിന്റലിന് 3,500 രൂപയായും ഉയർത്തുമെന്നും ടി.വി.കെ. പ്രകടനപത്രിക യിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here