‘ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

0
12

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും വോട്ട് എണ്ണുന്നതിന് മുന്‍പ് ഇത്തരം വിവാദങ്ങളില്‍ അര്‍ത്ഥമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം. ബാക്കി കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടത്. നിലവിലെ വിവാദങ്ങള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. വിവാദങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണം’, രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ തന്റെ നല്ല സുഹൃത്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. നാലാം തീയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെ സി വേണുഗോപാലിന് പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയതാണ് വിവാദങ്ങള്‍ കൂടുതല്‍ കൊഴുപ്പിച്ചത്. ഇന്ന് കേരളത്തിന് ആവശ്യം ദൂരദര്‍ശിയുള്ള നേതൃത്വമാണെന്നും അതിന് കെ സി വേണുഗോപാലിന് സാധിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയോടുള്ള അചഞ്ചലമായ ആത്മാര്‍ത്ഥത, പ്രതിസന്ധികളില്‍ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും ആദരവുമാണ് കെ സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ലീഡര്‍ ശ്രീ കെ കരുണാകരന്‍, ശ്രീ എ കെ ആന്റണി, ശ്രീ ഉമ്മന്‍ചാണ്ടി, ശ്രീ വയലാര്‍ജി തുടങ്ങി…സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടര്‍ന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ സിയ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ശക്തമാണ്. നേതാവെന്ന നിലയില്‍ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവര്‍ത്തകരുടെ ഇടയില്‍ നിലകൊള്ളാന്‍ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി’, കെ സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here