കാസർകോട്: കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുസ്‌ലിം ലീഗിന്റെ വിലയിരുത്തൽ. കാസർകോട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് മണ്ഡലത്തിൽ ചലനം ഉണ്ടാക്കാനായില്ല. എ.കെ.എം അഷ്റഫിന് മഞ്ചേശ്വരത്ത് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് കണക്കുകൂട്ടൽ.
കാലങ്ങളായി യുഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലങ്ങളാണ് കാസർകോടും മഞ്ചേശ്വരവും. ഇത്തവണയും ഈ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെ എ.കെ.എം അഷ്റഫ് വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. ബിജെപിക്ക് പരമാവധി 70,000 വോട്ട് മാത്രമേ നേടാനാകൂ എന്നും വിലയിരുത്തലുണ്ട്.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ് 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സിപിഎമ്മിന്റെയും വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് ശേഷം സിപിഎം മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ബിജെപി സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ ഇത്തവണ ഏറെ പിന്നോട്ട് പോകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മണ്ഡലത്തിൽ എൽഡിഎഫ് തങ്ങളുടെ നില മെച്ചപ്പെടുത്തുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എൽഡിഎഫ് സ്ഥാനാർഥി ജയാനന്ദ തുളു-കന്നഡ ഭാഷാ മേഖലകളിൽ ചെലുത്തിയ ശക്തമായ സ്വാധീനം ഇതിന് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ട്. തുളു അക്കാദമിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധവും ജനകീയതയും കാരണം, മുമ്പ് ബിജെപിയിലേക്ക് കൊഴിഞ്ഞുപോയ എൽഡിഎഫ് വോട്ടുകൾ ഗണ്യമായി തിരികെ പിടിക്കാൻ പാർട്ടിക്ക് സാധിച്ചു. കൂടാതെ, എസ്ഡിപിഐയുടെ വോട്ടുകൾ ഇത്തവണ എൽഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

