പട്‌ന: ജെഡിയു നേതാവും രാജ്യസഭാ എംപിയുമായ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയ്‌ക്കൊപ്പം എത്തിയാണ് രാജിക്കത്ത് കൈമാറിയത്. ഇക്കാലമത്രയും ബിഹാറിന്റെ വികസനത്തിനായാണ് പ്രവര്‍ത്തിച്ചതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പുതിയ സര്‍ക്കാരിന് താന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
ബിഹാര്‍ രാഷ്ട്രീയത്തില്‍ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് യുഗമാണ് അവസാനിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ അവസരമൊരുക്കിയാണ് പിന്‍മാറ്റം. ഏപ്രില്‍ പത്തിന് നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടര്‍ന്നാണ് എംഎല്‍സി സ്ഥാനവും മുഖ്യമന്ത്രിസ്ഥാനവും രാജിവെച്ചത്. ബിഹാറില്‍ ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന നേതാവാണ് നിതീഷ് കുമാര്‍. 2005-ലാണ് നിതീഷ് ആദ്യമായി മുഖ്യമന്ത്രിയായത്.
നിതീഷ് കുമാര്‍ രാജിവയ്ക്കുന്നതോടെ സംസ്ഥാനത്തെ ഭരണം ഗുജറാത്തില്‍ നിന്നാവും നിയന്ത്രിക്കപ്പെടുക എന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആരോപിച്ചിരുന്നു. അതേസമയം, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് നിതീഷ് കുമാറിന് താല്‍പ്പര്യം എന്നാണ് വിവരം. സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് പലതവണ വിശേഷിപ്പിച്ചിരുന്നു. അധികാര കൈമാറ്റ ധാരണയുടെ ഭാഗമായി നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ മന്ത്രിസഭയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മന്ത്രി പദവി വേണ്ടെന്ന് നിഷാന്ത് പറഞ്ഞതായാണ് റിപ്പോർട്ട്. പാർട്ടി പദവികളാകും നിഷാന്ത് ആദ്യം വഹിക്കുക. ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകനായിട്ടും ഇത്രനാള്‍ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു നിഷാന്ത് കുമാര്‍.

