ഇനി പണം അബദ്ധത്തിൽ അയച്ചാലും തിരിച്ചുപിടിക്കാം? ഓൺലൈൻ പണമിടപാടുകളിൽ മാറ്റം വരുന്നു, ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആര്‍ബിഐ

0
7

ന്യൂഡല്‍ഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ? എങ്കില്‍, നിങ്ങളുടെ അക്കൗണ്ട് ഇടപാടുകളില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

രാജ്യത്തുടനീളം ക്രമാധീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഫ്രോഡ് കേസുകള്‍ കുറക്കുന്നതിന്റെ ഭാഗമായി, യുപിഐ വഴി അയക്കുന്ന പണം ഒരുമണിക്കൂര്‍ കാലതാമസമെടുത്ത് സ്വീകര്‍ത്താവിലേക്ക് എത്തുന്ന തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നതായാണ് വിവരം. പുതിയ നിര്‍ദേശം നടപ്പിലാക്കുന്നതിന് മുന്നോടിയായി മേയ് 8 വരെ പൊതുജനാഭിപ്രായം തേടുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ലഭിക്കുന്ന പ്രതികരണങ്ങൾ പരിശോധിച്ച ശേഷം മാത്രമേ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ (Formal Guidelines) പുറത്തിറക്കുകയുള്ളൂ.

എന്താണ് കൂളിങ് ഓഫ് പിരീയഡ്?
രാജ്യത്ത് ഇതിനോടകം 22,000 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടന്നതായാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തല്‍ഫലമായി, കൂള്‍ ഓഫ് പിരീയഡെന്ന രീതിയില്‍ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി അല്‍പ്പം സമയം നിശ്ചയിക്കാനാണ് നീക്കം. അഥവാ, പണം അയച്ചുകഴിഞ്ഞാലും ഒരുമണിക്കൂര്‍ കഴിഞ്ഞേ സ്വീകര്‍ത്താവിലേക്ക് എത്തുകയുള്ളൂവെന്ന് ചുരുക്കം. ഈ ഒരുമണിക്കൂറിനുള്ളില്‍ ഉദ്ദേശിക്കുന്ന ആളിലേക്ക് തന്നെയാണ് പണമെത്തുന്നതെന്ന് സ്ഥിരീകരിക്കാന്‍ ഉപയോക്താവിന് സാധിക്കും. ഏതെങ്കിലും തരത്തില്‍ തട്ടിപ്പാണെന്ന് സംശയം തോന്നുന്ന മാത്രയില്‍ ട്രാന്‍സാക്ഷന്‍ കാന്‍സല്‍ ചെയ്യാനും സാധിക്കും.

എന്തിനാണ് കാലതാമസം?
സിസ്റ്റം തകരാര്‍ എന്നതിനേക്കാളുപരി കൂടുതല്‍ മികച്ച ടെക്‌നോളജി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തട്ടിപ്പിനാണ് അധികപേരും ഇരയാക്കപ്പെടുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റെ നിരീക്ഷണം. സമയമെടുത്ത് ചിന്തിക്കാന്‍ സമയം അനുവദിക്കാതെ, ഉപയോക്താവിനെ സമ്മര്‍ദത്തിലാക്കിയാണ് മിക്ക തട്ടിപ്പുകളും നടക്കാറുള്ളത്. ഇത് മറികടക്കുന്നതിനായാണ് ഒരു മണിക്കൂര്‍ കാലതാമസം കൊണ്ടുവരുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റെ ന്യായം.

പ്രധാനമായും,

10,000-ത്തിന് മുകളിലുള്ള ട്രാന്‍സാക്ഷനുകള്‍ക്കായിരിക്കും കൂളിങ് ഓഫ് പിരീയഡ് ഏര്‍പ്പെടുത്തുക. ഈ സമയത്തിനുള്ളില്‍ ഉപയോക്താവിന് ട്രാന്‍സാക്ഷന്‍ റദ്ദ് ചെയ്യാനുള്ള അവസരമുണ്ടാകും.
70 വയസിന് മുകളില്‍ പ്രായമുള്ളവരെ സംബന്ധിച്ചിടത്തോളം, 50,000-ത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് വിശ്വസ്ഥനായ ഇടനിലക്കാരന്റെ അനുവാദം നിര്‍ബന്ധമാക്കും.
വ്യക്തിഗതമോ ബിസിനസ് ആവശ്യങ്ങള്‍ക്കോ വേണ്ടിയുള്ള വന്‍ നിക്ഷേപങ്ങളില്‍ സ്ഥിരീകരിച്ച് കഴിഞ്ഞതിന് ശേഷം മാത്രമേ ബാങ്ക് ക്രെഡിറ്റ് ചെയ്യുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here