സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

0
9

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നാലോവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി ഷമി രണ്ട് വിക്കറ്റെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തന്‍റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനുള്ള തയാറെടുപ്പിനിടെയാണ് ഷമി ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതില്‍ നിലപാട് വ്യക്തമാക്കിയത്.

ബംഗാൾ പ്രോ ടി20 ലീഗിന്‍റെ മൂന്നാം സീസൺ ഉദ്ഘാടന ചടങ്ങിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെ, റിങ്കു സിംഗ് എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു ഷമി. നമ്മൾ ഒരു തൊഴിലാളിയെ (മസ്‌ദൂർ) പോലെയാണ്, പന്തെറിയുക എന്നത് മാത്രമാണ് നമ്മുടെ ജോലി. ജീവിതത്തിലും കരിയറിലും ഉയർച്ച താഴ്ചകളും പരിക്കുകളും സ്വാഭാവികമാണ്. എന്നാൽ കഠിനാധ്വാനം നമ്മൾ ഒരിക്കലും മറക്കരുത്. ആഢംബരങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കും പിന്നാലെ പോയാൽ അത് നമ്മുടെ ബലഹീനതയായി മാറുമെന്നും ഷമി പറഞ്ഞു.

കർഷക കുടുംബത്തിൽ ജനിച്ച താൻ തന്‍റെ വേരുകൾ മറന്നിട്ടില്ലെന്നും കളിയോടുള്ള അഭിനിവേശം ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ടെന്നും ഷമി കൂട്ടിച്ചേർത്തു. ഈഡൻ ഗാർഡൻസിൽ കളിക്കുമ്പോൾ എപ്പോഴും ഒരു മുൻതൂക്കമുണ്ട്. ഇവിടുത്തെ പിച്ചും സാഹചര്യങ്ങളും എനിക്ക് നന്നായി അറിയാം. ലക്നൗവിന് വേണ്ടി കെകെആറിനെതിരെ കളിക്കുമ്പോൾ ഒരു ‘ലോക്കൽ’ താരം എന്ന നിലയിൽ എനിക്ക് ആ ആനുകൂല്യം ലഭിക്കും. യുപിയിലാണ് ജനിച്ചതാണെങ്കിലും ബംഗാളാണ് തന്‍റെ കർമ്മഭൂമിയെന്ന് ഷമി ആവർത്തിച്ചു. ആഭ്യന്തര ക്രിക്കറ്റിന് ഞാൻ എപ്പോഴും മുൻഗണന നൽകുന്നു. ജീവനുള്ളിടത്തോളം കാലം ബംഗാളിന് വേണ്ടി താൻ കളിക്കളത്തിലുണ്ടാകുമെന്നും ഷമി പറഞ്ഞു.

പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനമാണ് ഷമി പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഷമി എറിഞ്ഞ 24 പന്തില്‍ 18 പന്തും ഡോട്ട് ബോളുകളായിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ 16.72 ശരാശരിയിൽ 37 വിക്കറ്റുകൾ വീഴ്ത്തി സീസണില്‍ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ആദ്യ ആറ് ബൗളർമാരിൽ ഒരാളായി ഷമി മാറി. ജമ്മു കശ്മീരിനെതിരായ സെമിഫൈനലിൽ 90 റണ്‍സ് വഴങ്ങി 8 വിക്കറ്റെടുത്ത ഷമിയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. വ്യാഴാഴ്ച ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുക. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം തങ്ങളുടെ തട്ടകത്തിൽ ആദ്യ വിജയം തേടിയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here