900 വാഗ്ദാനങ്ങളിൽ 97% നടപ്പാക്കി, 5 ലക്ഷം വീടുകൾ ; എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി

0
9

എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തു വർഷത്തെ ഭരണനേട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും പത്താം വർഷത്തിൽ എൽഡിഎഫ്. മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി നൽകിയ വാഗ്‌ദാനങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി വിശദീകരിച്ചു.

2021-ൽ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ട് അനുസരിച്ച് 600 വാഗ്‌ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി. 2021-ലെ 900 വാഗ്‌ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി. ബാക്കിയുള്ളവ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ പ്രധാന നേട്ടമായി ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കൾക്ക് നൽകിയ കാര്യം മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിയുടെ പട്ടയം ലഭിക്കാത്ത നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സാധിച്ചു.

ഡിജിറ്റൽ സർവേ നടപടികളിൽ റവന്യൂ ഉദ്യോഗസ്ഥർ വ്യാപൃതരായതിനാലാണ് പട്ടയവിതരണം അഞ്ച് ലക്ഷം കവിയാതിരുന്നതെന്നും അല്ലെങ്കിൽ ആ ലക്ഷ്യം മറികടക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ സാധിച്ചു. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ താരങ്കപാത എന്നിവയിലെ പുരോഗതിയും മുഖ്യമന്ത്രി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here