നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ; എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം

0
9

നാളെ ഏപ്രിൽ ഒന്ന്; പുത്തൻ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. ആദായനികുതി നിയമങ്ങൾ മുതൽ ബാങ്കിങ് നിരക്കുകൾ വരെ മാറിമറിയുന്നതോടെ ജനങ്ങളുടെ കുടുംബ ബജറ്റിനെ ഇത് നേരിട്ട് ബാധിക്കും.

ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ നൽകുന്നു:

1. ചരിത്രപരമായ മാറ്റത്തിനൊരുങ്ങി ആദായനികുതി നിയമം

ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരം ‘2025-ലെ പുതിയ ആദായനികുതി നിയമം’ നാളെ മുതൽ നിലവിൽ വരും. സങ്കീർണ്ണമായ പദപ്രയോഗങ്ങൾ ലഘൂകരിച്ചതാണ് ഇതിന്റെ പ്രത്യേകത. ഇതോടെ ‘അസസ്‌മെന്റ് ഇയർ’, ‘പ്രീവിയസ് ഇയർ’ എന്നീ വാക്കുകൾക്ക് പകരം ലളിതമായ ‘ടാക്‌സ് ഇയർ’ എന്ന പദം ഉപയോഗിക്കും.

2. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ല

പുതിയ നികുതി വ്യവസ്ഥ (New Tax Regime) തിരഞ്ഞെടുക്കുന്നവർക്ക് നാളെ മുതൽ വലിയ ആശ്വാസം ലഭിക്കും. സെക്ഷൻ 87എ പ്രകാരമുള്ള നികുതി ഇളവ് (Rebate) വർധിപ്പിച്ചതോടെ, പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾ ഇനി ആദായനികുതി നൽകേണ്ടതില്ല.

3. പുതിയ ടി.ഡി.എസ് (TDS) ഫോമുകൾ

നികുതി നടപടികൾ കൂടുതൽ സുതാര്യമാക്കാൻ ടി.ഡി.എസ് ഫോമുകളിൽ മാറ്റം വരുത്തി.

ശമ്പള വരുമാനക്കാർക്ക് നിലവിലുള്ള ഫോം 16-ന് പകരം ഫോം 130 നിലവിൽ വരും.

മറ്റ് വരുമാനങ്ങൾക്കുള്ള ഫോം 16എ-യ്ക്ക് പകരം ഫോം 131 ഉപയോഗിക്കണം.

4. പാൻ കാർഡ് അപേക്ഷയ്ക്ക് ആധാർ മാത്രം പോരാ

പാൻ കാർഡിനായി അപേക്ഷിക്കുമ്പോൾ ജനനത്തീയതി തെളിയിക്കാൻ ഇനി ആധാർ കാർഡ് മാത്രമായി നൽകാനാവില്ല. ആദായനികുതി വകുപ്പിന്റെ പുതിയ നിർദ്ദേശപ്രകാരം പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള രേഖകൾ ജനനത്തീയതി തെളിയിക്കാൻ നിർബന്ധമായി ഹാജരാക്കേണ്ടി വരും.

5. ബാങ്കിങ് ചാർജുകളിൽ വർധന

എ.ടി.എം ഇടപാടുകൾക്കും യു.പി.ഐ പിൻവലിക്കലുകൾക്കും ബാങ്കുകൾ നിരക്ക് വർധിപ്പിച്ചു.

എച്ച്.ഡി.എഫ്.സി (HDFC): സൗജന്യ പരിധിയായ 5 ഇടപാടുകൾക്ക് ശേഷം ഓരോ അധിക ഇടപാടിനും 23 രൂപ ഈടാക്കും.

ബന്ധൻ ബാങ്ക്: മെട്രോകളിൽ 3-ഉം മറ്റ് നഗരങ്ങളിൽ 5-ഉം സൗജന്യ ഇടപാടുകൾക്ക് ശേഷം 23 രൂപ നിരക്ക് ഈടാക്കും. കൂടാതെ അക്കൗണ്ടിൽ പണമില്ലാത്തത് കാരണം ഇടപാട് പരാജയപ്പെട്ടാൽ 25 രൂപ പിഴയായും നൽകണം.

6. ഇന്ധനവിലയും പാചകവാതകവും

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഗാർഹിക എൽ.പി.ജി (LPG) സിലിണ്ടറുകളുടെ വില പരിഷ്‌കരിക്കാൻ സാധ്യതയുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്ത് സി.എൻ.ജി (CNG), പി.എൻ.ജി (PNG), വിമാന ഇന്ധനം എന്നിവയുടെ വിലയിലും മാറ്റമുണ്ടാകാം.

LEAVE A REPLY

Please enter your comment!
Please enter your name here