വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ പാചകവാതകം വാങ്ങുന്നു; ആദ്യ ചരക്ക് ഉടൻ മംഗലാപുരത്തെത്തും

0
5

ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ പുനരാരംഭിക്കുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള എൽപിജി (LPG) വഹിച്ചുകൊണ്ടുള്ള ആദ്യ കപ്പൽ ഉടൻ ഇന്ത്യൻ തീരത്തെത്തും. തെഹ്‌റാനെതിരെയുള്ള എണ്ണ, ഇന്ധന ഉപരോധങ്ങളിൽ യുഎസ് താൽക്കാലിക ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇറാനിയൻ എൽപിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന ടാങ്കറാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇത് ഉടൻ തന്നെ കർണാടകയിലെ മംഗലാപുരം തുറമുഖത്ത് എത്തും. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ മൂന്ന് കമ്പനികൾ ചേർന്നാണ് ഈ ഇന്ധനം ഏറ്റെടുക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് 2019-ലാണ് ഇന്ത്യ ഇറാനിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി പൂർണ്ണമായും നിർത്തിവെച്ചത്.

ഹോർമുസ് പ്രതിസന്ധിയും ഇന്ത്യയും

യുഎസ്-ഇസ്റാഈൽ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ പ്രധാന സമുദ്രപാതയായ ഇവിടെയുണ്ടായ ഉപരോധങ്ങൾ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇറാനുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നത് ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഇന്ത്യയെ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here