തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന് ഓൺലൈനിൽ പരിശോധിക്കാം. മൂന്ന് രീതിയിലാണ് വിവരങ്ങൾ പരിശോധിക്കാൻ കഴിയുക.
https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കണം. ഭാഷ തെരഞ്ഞെടുത്ത് എപിക് നമ്പർ നൽകുകയും സംസ്ഥാനം തെരഞ്ഞെടുക്കുകയും ചെയ്താൽ പേര് വിവരങ്ങൾ ലഭ്യമാകും.
ഇതേ പേജിലെ രണ്ടാമത്തെ ഓപ്ഷനാണ് ‘സേർച്ച് ബൈ ഡീറ്റയിൽസ്’. സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസോ അല്ലെങ്കിൽ ജനന തീയതിയോ നൽകുന്നതാണ് ഒന്നാം ഘട്ടം. അടുത്ത കോളത്തിൽ വോട്ടർപ്പട്ടികയിലെ ബന്ധുവിന്റെ പേര് നൽകണം. പിന്നീട് ജില്ലയും അസംബ്ലി മണ്ഡലവും നൽകിയാൽ വിവരങ്ങൾ ലഭിക്കും.
മൂന്നാമത്തെ ഓപ്ഷൻ ‘സേർച്ച് ബൈ മൊബൈൽ’ ആണ്. വോട്ടർപ്പട്ടികയുമായി മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിച്ചവർക്കാണ് ഈ രീതിയിൽ വിവരമറിയാൻ സാധിക്കുക. സംസ്ഥാനം തെരഞ്ഞെടുത്ത് മൊബൈൽ ഫോൺ നമ്പറും നൽകിയാൽ ഒടിപി എത്തും. ഇത് നൽകിയാൽ വോട്ടറുടെ വിവരങ്ങൾ ലഭ്യമാകും.
23 വരെ പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കാൻ അവസരമുണ്ട്. എന്നാൽ 15 വരെ നൽകിയ അപേക്ഷ മാത്രമേ പരിഗണിക്കൂ. അപേക്ഷകൾ പരിഗണിച്ചോയെന്നറിയാൻ 24ന് പുറത്തിറങ്ങുന്ന സപ്ലിമെന്ററി പട്ടിക പരിശോധിക്കേണ്ടിവരും.
ബൂത്തുതലത്തിൽ പിഡിഎഫ് ആയി ലഭ്യമാകും
ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്തു പേര് പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. https://voters.eci.gov.in/download-eroll?stateCode=S11 എന്ന ലിങ്കിൽ പ്രവേശിച്ച് ജില്ലയും അസംബ്ലി മണ്ഡലവും നൽകിയ ശേഷം ഭാഷ തെരഞ്ഞെടുക്കണം.
താഴെയുള്ള മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടികയിൽനിന്ന് ആവശ്യമുള്ള ബൂത്ത് ടിക്ക് ചെയ്ത് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോഴേക്കും ബൂത്തിലെ വോട്ടർമാരുടെ വിവരങ്ങൾ പിഡിഎഫ് ആയി ഡൗൺലോഡ് ആകും.

