കാസർകോട് : തെരഞ്ഞെടുപ്പിൽ ഡീൽ ജനങ്ങളോട് മാത്രമെന്ന് കാസർകോട്ടെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂർ. രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഡീലിനായല്ല, കാസർകോടിന്റെ വികസനത്തിനായാണ് മത്സരിക്കുന്നതെന്നും ഷാനവാസ് പാദൂർ പറഞ്ഞു. ബിജെപിയെ സഹായിക്കാനാണ് ഷാനവാസിനെ സ്ഥാനാർത്ഥിയാക്കിയതെന്നായിരു ന്നു രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം. സംസ്ഥാന തലത്തിലുള്ള ബിജെപി സിപിഐഎം ഡീലിന്റെ ഭാഗമാണ് ഷാനവാസിന്റെ സ്ഥാനാർത്ഥിത്വം. കാസർകോട് യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം.
യുഡിഎഫിന്റെ വഴിമുടക്കാനുള്ള ശ്രമത്തിന് ജനങ്ങൾ മറുപടി നൽകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചിരുന്നു. കോൺഗ്രസ് അംഗമായിരുന്ന ഷാനവാസ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. എന്നാൽ ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനം പങ്കിടണമെന്ന ധാരണ വന്നതോടെ കോൺഗ്രസുമായി അകലുകയും 2020ൽ ഇടതുസ്വതന്ത്രനായി മത്സരിച്ചു ജയിക്കുകയുമായിരുന്നു.

