പത്തനംതിട്ട | കെ സുധാകരന് കണ്ണൂരില്‍ മത്സരിക്കാന്‍ അനുവദിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിക്കപ്പെട്ടതോടെ സീറ്റിനായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ആവശ്യമുന്നയിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. കെ സുധാകരന്‍ മത്സര രംഗത്തിറങ്ങുകയാണെങ്കില്‍ തനിക്കും സീറ്റ് നല്‍കണമെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്. സുധാകരന്‍ മത്സരത്തിന് അര്‍ഹനാണെങ്കില്‍ അതേ അര്‍ഹത തനിക്കുമുണ്ട്. അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയില്‍ എന്ത് പ്രത്യാഘാതമുണ്ടായാലും താന്‍ ഉത്തരവാദി ആയിരിക്കില്ലെന്നും അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് അറിയുന്നത്.
നേരത്തെ എംപിമാര്‍ ആരും മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്ന് അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.. താന്‍ മത്സരിക്കാന്‍ കോന്നിയിലേക്കില്ലെന്ന് എഫ് ബി പോസ്റ്റില്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കുകയും ചെയ്തിരുന്നു.”കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്. കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്… എന്റെ സ്വന്തം കുടുംബമാണ്. ഈ പ്രാവശ്യം കോന്നിയില്‍ മത്സരിക്കാന്‍ എനിക്ക് അവസരം ലഭിക്കാതിരുന്നത് നിങ്ങളില്‍ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാന്‍ ആഴത്തില്‍ മനസ്സിലാക്കുന്നു. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുക നമ്മുടെ കടമയാണ്’- എന്നിങ്ങനെയായിരുന്നു അടൂര്‍ പ്രകാശിന്റെ വാക്കുകള്‍
കെ സുധാകരന് ഇളവ് നല്‍കാന്‍ തീരുമാനത്തിനു പിന്നാലെ അടൂര്‍ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സീറ്റ് വേണമെന്ന ആവശ്യത്തിലേക്ക് അടൂര്‍ പ്രകാശ് എത്തിയിരിക്കുകയാണ്. കോന്നിയില്‍ അടൂര്‍ പ്രകാശിനു പകരം സതീഷ് കൊച്ചുപറമ്പിലിനെയാണ് കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നത്. അടൂര്‍ പ്രകാശ് ഇടയുന്നതോടെ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്

