കോഴിക്കോട്: മുസ്‌ലിം ലീഗ് വിടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വള്ളിക്കുന്നിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ എൽഡിഎഫിലെ ഐഎൻഎൽ നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് ഷാഫി ചാലിയം സ്ഥിരീകരിച്ചു. എന്നാൽ ആ ക്ഷണം താൻ സ്നേഹപൂർവ്വം നിരസിച്ചു. എന്റെ ജീവനാണ് ലീഗ് എന്നും പാർട്ടി വിട്ട് എങ്ങോട്ടും പോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പാർട്ടി വിടുന്നയാളല്ല താൻ, സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാർട്ടിയിൽ നിന്ന് ഒരു പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവസാന നിമിഷം പരിഗണിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിൽ ചെറിയ പ്രയാസമുണ്ടെങ്കിലും അത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടന്ന വിമർശനങ്ങളെ താൻ പ്രതിരോധിച്ചത് സീറ്റിന് വേണ്ടിയല്ല, മറിച്ച് അത് തന്റെ ബാധ്യതയായതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
താൻ പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും മീഡിയ ചുമതലയുള്ള സെക്രട്ടറിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

