Home Latest news അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി! മുതിർന്ന നേതാവ് ബിജെപിയിൽ ചേർന്നു

അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി! മുതിർന്ന നേതാവ് ബിജെപിയിൽ ചേർന്നു

0
9

അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് മുതിർന്ന നേതാവും നഗാവ് ലോക്‌സഭാ എംപിയുമായ പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വിട്ട് 24 മണിക്കൂറിനുള്ളിലാണ് അദ്ദേഹം ബിജെപി പാളയത്തിലെത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഡൽഹിയിലെ വസതിയിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയ, കേന്ദ്രമന്ത്രി പബിത്ര മാർഗരീറ്റ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

പതിനാറാം വയസ്സിൽ കോൺഗ്രസിൽ പ്രവർത്തനം ആരംഭിച്ച പ്രദ്യുത് ബോർഡോലോയ് ‘വടക്കുകിഴക്കൻ ഇന്ത്യയിലെ ശശി തരൂർ’ എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്. ദീർഘകാലത്തെ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നത് പ്രയാസകരമായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അസമിലെ ജനങ്ങൾക്ക് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കാൻ ബിജെപിയിൽ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ആത്മാഭിമാനമുള്ള ആർക്കും നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിൽ തുടരാനാകില്ലെന്ന് പ്രദ്യുതിനെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രദ്യുത് ബോർഡോലോയ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹത്തിന്റെ വിജയം പാർട്ടി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബുധനാഴ്ച പ്രഖ്യാപിക്കുന്ന ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുമെന്നാണ് സൂചന.

നേരത്തെ കോൺഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റി ചെയർമാനായിരുന്ന പ്രദ്യുത്, ചൊവ്വാഴ്ചയാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രാജിക്കത്ത് നൽകിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രകടനപത്രിക തയ്യാറാക്കാൻ ചുമതലപ്പെട്ട നേതാവ് തന്നെ പാർട്ടി വിട്ടത് അസമിലെ കോൺഗ്രസ് ക്യാമ്പിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി തങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയായാണ് ഈ രാഷ്ട്രീയ മാറ്റം വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here