കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. ഹോട്ടൽ വ്യവസായത്തെ തകർച്ചയിലേക്ക് നയിക്കുന്ന ഗ്യാസ് ക്ഷാമം പരിഹരിക്കണമെന്നും, ഹോട്ടലുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം. സൂചനാ പണിമുടക്കിന് പുറമെ വ്യാഴാഴ്ച സംസ്ഥാനത്തെ വിവിധ ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്താനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടായതോടെ ഹോട്ടലുകളുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. ഇത് ഹോട്ടൽ ഉടമകളെ മാത്രമല്ല, പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നുണ്ട്. സർക്കാരിന്റെയും എണ്ണക്കമ്പനികളുടെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

