ഇസ്രായേൽ മന്ത്രിയുടെ മകൾ മരിച്ച നിലയിൽ

0
11

തെൽഅവീവ്: ഇസ്രായേൽ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രി ഒറിറ്റ് സ്ട്രോക്കിന്റെ മകൾ ശോശന്നയെ(34)യാണ് വടക്കൻ ഇസ്രായേലിലെ മോഷാവിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടതെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാതാപിതാക്കളും സഹോദരനും ചേർന്ന് കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രിലിൽ ശോശന്ന ഇറ്റലി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഇസ്രായേലിലേക്ക് മടങ്ങിയെത്തിയ ശേഷം അവിടെയും പരാതി നൽകിയിരുന്നു. തന്നെ ചൂഷണം ചെയ്തുവെന്നും പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും വിഡിയോകൾ കുട്ടികളുടെ അശ്ലീലചിത്രമായി നൽകിയെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ കോടതി വിലക്കി.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിലെ അവ്രഹാം അവിനു സെറ്റിൽമെന്റിൽ താമസക്കാരിയാണ് ഒറിറ്റ് സ്ട്രോക്ക്. ശോശന്ന അടക്കം 11 മക്കളുണ്ട്. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫലസ്തീനി ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശോശന്നയുടെ സഹോദരൻ സ്വിക്കി സ്ട്രോക്കിനെ 2007ൽ ഇസ്രായേൽ കോടതി 30 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നഗ്നനാക്കി കൈവിലങ്ങുവെച്ച നിലയിൽ അബോധാവസ്ഥയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൽ സ്വിക്കി സ്ട്രോക്കിനെ ന്യായീകരിച്ച് മാതാവ് രംഗത്തെത്തിയിരുന്നു.

അതിനിടെ ഇറാനിലും ലബനാനിലും നടക്കുന്ന യുദ്ധത്തിന് പുറമെ, ഗസ്സയിലും വെസ്റ്റു ബാങ്കിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. യുദ്ധക്കെടുതിയിൽ തകർന്ന ഗസ്സയിൽ ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ആൺകുട്ടിയും ഗർഭിണിയായ മാതാവും ഉൾപ്പെടെ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ വെസ്റ്റ് ബാങ്കിൽ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രായേൽ സൈനികർ വെടിയുതിർത്തതിനെ തുടർന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ നാലു പേരും കൊല്ലപ്പെട്ടു. ഈദുൽ ഫിത്വർ ആഘോഷിക്കാനായി പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പോയതായിരുന്നു ഇവർ എന്ന് ഫലസ്തീൻ അതോറിറ്റിയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പായ നുസൈറത്തിലെ ഒരു വീടിനുനേർക്കാണ് ആക്രമണം ഉണ്ടായത്. ദമ്പതികളും അവരുടെ ഇളയ മകനും കൊല്ലപ്പെട്ടതായി സമീപത്തെ അൽ അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി അറിയിച്ചു. നുസൈറത്തിലെ ഔദ ആശുപത്രിയിലാണ് നാലാമത്തെ മരണം. രണ്ടു വർഷത്തിലേറെയായി തുടരുന്ന വംശഹത്യ അവസാനിപ്പിക്കാനുള്ള വെടിനിർത്തലിനുശേഷം ഗസ്സയിൽ നിന്നുള്ള ഏറ്റവും പുതിയ മരണങ്ങളാണിത്. സൈനിക നിയന്ത്രണ മേഖലകൾക്ക് സമീപം ഇസ്രായേൽ സൈന്യം ആവർത്തിച്ചുള്ള വ്യോമാക്രമണങ്ങൾ നടത്തുകയും ഫലസ്തീനികൾക്കെതിരെ പതിവായി വെടിയുതിർക്കുകയും ചെയ്യുന്നുവെന്നും ഇതിൽ 650 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെസ്റ്റ് ബാങ്കിൽ കാറിൽ സഞ്ചരിച്ച കുടുംബത്തിലെ രണ്ട് കുട്ടികളുടെ തലയിലാണ് വെടിയേറ്റതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് രക്ഷാപ്രവർത്തന വിഭാഗം അറിയിച്ചു. സംഭവസ്ഥലത്തേക്ക് അയച്ച ആംബുലൻസുകൾ ഇസ്രായേൽ സൈന്യം തടഞ്ഞ് രക്ഷാപ്രവർത്തനം വൈകിച്ചതായും അവർ ആരോപിച്ചു.

ഇസ്രായേലും യു.എസും ചേർന്ന് ഇറാനെ ആക്രമിച്ചതിനുശേഷം, ഇസ്രായേൽ അധികൃതർ വെസ്റ്റ് ബാങ്കിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ആംബുലൻസുകൾ, വാണിജ്യ ഗതാഗതം എന്നിവക്കായി ഉപയോഗിക്കുന്ന റോഡുകളിലെ നൂറുകണക്കിന് ഗേറ്റുകളും ചെക്ക്‌പോസ്റ്റുകളും ഇടവിട്ട് അടച്ചു. യുദ്ധം ആരംഭിച്ചശേഷം ഇവിടെ കുടിയേറ്റക്കാരുടെ 109 അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയതായി ഇസ്രായേലി അവകാശ ഗ്രൂപ്പായ യെഷ് ദിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here