Home Latest news ‘ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും’; ഇറാന് ട്രംപിന്റെ അന്ത്യശാസനം

‘ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും’; ഇറാന് ട്രംപിന്റെ അന്ത്യശാസനം

0
40

ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കനക്കുന്നതിനിടെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ മുതിർന്നാൽ, ആ പ്രദേശം തന്നെ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇറാന്റെ പുതിയ പരമാധികാരിയായി അയത്തുള്ള മൊജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമാവുകയും എണ്ണവില 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പ്രസ്താവന.

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയാണ്. എന്നാൽ ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം കടുത്തതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടിലാണ്. ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ നിരവധി ചരക്ക് കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ഏഴ് കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

നിലവിൽ കടലിടുക്ക് തുറന്നതാണെന്നും കപ്പലുകൾ പ്രവേശിച്ചു തുടങ്ങിയെന്നും ട്രംപ് അവകാശപ്പെടുമ്പോഴും, ഒരു കപ്പലിനെ പോലും കടത്തിവിടില്ലെന്ന കർക്കശ നിലപാടിലാണ് ഇറാൻ. ഇനിയൊരു പ്രകോപനമുണ്ടായാൽ ഇറാന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിലുള്ള തിരിച്ചടി നൽകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. ഖാർഗ് ദ്വീപ് അടക്കമുള്ള ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ അമേരിക്കൻ ഭരണകൂടം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here