Home Latest news സൂര്യകുമാര്‍ നായകസ്ഥാനം ഒഴിഞ്ഞേക്കും! സഞ്ജുവിനെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി പരിഗണിക്കാന്‍ സാധ്യത

സൂര്യകുമാര്‍ നായകസ്ഥാനം ഒഴിഞ്ഞേക്കും! സഞ്ജുവിനെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി പരിഗണിക്കാന്‍ സാധ്യത

0
12

അഹമ്മദാബാദ്: ന്യൂസീലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് കലാശപ്പോര്. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിനു ശേഷം സൂര്യകുമാർ യാദവ് ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏതാനും ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ലോകകപ്പിൽ ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ടീം ഇത്തവണ തോറ്റത്. മൂന്നാം കിരീടത്തിന് തൊട്ടടുത്താണ് ടീം. എന്നാൽ, സൂര്യയുടെ ക്യാപ്റ്റൻസി പ്രശംസനീയമാണെങ്കിലും ബാറ്റുകൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ സൂര്യയ്ക്ക് സാധിച്ചിട്ടില്ല. യുഎസ്എയ്ക്കെതിരേ 84* റൺസ് നേടിയായിരുന്നു തുടക്കമെങ്കിലും പിന്നീട് നിറംമങ്ങി. ഈ മത്സരത്തിനു ശേഷം പിന്നീട് 40 റൺസ് പിന്നിടാൻ പോലും സൂര്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. എട്ട് മത്സരങ്ങളിൽ നിന്നായി 34.37 ശരാശരിയിലും 137.50 സ്‌ട്രൈക്ക് റേറ്റിലും 242 റൺസാണ് സൂര്യയുടെ സമ്പാദ്യം.

നിലവിൽ ഇന്ത്യയ്ക്കായി ടി20-യിൽ മാത്രമാണ് സൂര്യ കളിക്കുന്നത്. 2023 ഏകദിന ലോകകപ്പിനുള്ള ടീമിൽ ഉണ്ടായിരുന്നെങ്കിലും പ്രകടനം മോശമായിരുന്നു. പിന്നീട് ഏകദിനങ്ങളിൽ പരിഗണിച്ചിട്ടില്ല. ഒരു ഫോർമാറ്റിൽ മാത്രം കളിക്കുകയും ആ ഫോർമാറ്റിലെ പ്രകടനം മോശമാകുകയും ചെയ്തതോടെ ലോകകപ്പിനു ശേഷം സൂര്യയുടെ പ്രകടനം ഉറപ്പായും വിലയിരുത്തപ്പെടും. ടീമിലേക്ക് അവസരം കാത്ത് ശ്രേയസ് അയ്യർ പുറത്തുണ്ട് എന്നതും സൂര്യയ്ക്ക് വെല്ലുവിളിയാണ്.

2024 ജൂലായ് മുതൽ ക്യാപ്റ്റനെന്ന നിലയിൽ സൂര്യയുടെ പ്രകടനം മികച്ചതാണ്. കാരണം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല. എന്നാൽ, ക്യാപ്റ്റൻസിയുടെ അടിസ്ഥാനത്തിൽ മാത്രം ഇപ്പോൾ ബിസിസിഐ ഒരു താരം ടീമിൽ തുടരുന്നത് അനുവദിക്കാൻ സാധ്യതയില്ല. സമീപകാലത്തായുള്ള സൂര്യയുടെ മോശം ഫോം അദ്ദേഹത്തിന് തിരിച്ചടിയാകും. 2025-ൽ 21 ടി20 മത്സരങ്ങളിൽ നിന്ന് 13.62 ശരാശരിയിൽ 218 റൺസാണ് സൂര്യയ്ക്ക് നേടാൻ സാധിച്ചിരിക്കുന്നത്. ഈ വർഷം ഇതുവരെ 13 കളികളിൽ നിന്ന് 48.40 ശരാശരിയിൽ 484 റൺസ് നേടിയിട്ടുണ്ട്.

പ്ലേയിങ് ഇലവനിൽ പോലും സ്ഥാനമുണ്ടായേക്കില്ലെന്ന അവസ്ഥയിൽനിന്ന് ലോകകപ്പിന്റെ ഫൈനലിനൊരുങ്ങുമ്പോൾ ടീമിന്റെ സ്റ്റാർ ബാറ്ററെന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് സഞ്ജു. പുറത്താകല്ലേ എന്ന് ആരാധകർ ഒന്നടങ്കം മനസ്സുരുകി പ്രാർഥിക്കുന്ന താരം. വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിലും പിന്നീട് ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂൺ സഞ്ജുവായിരുന്നു. ഐപിഎല്ലിൽ രാജ്സ്ഥാൻ റോയൽസിനെ നയിച്ചുള്ള മികവും ക്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജുവിന്റെ പേര് ഉയർന്നുകേൾക്കാൻ കാരണമായിട്ടുണ്ട്.

ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരം സഞ്ജുവിന്റെ ഭാവി തീരുമാനിക്കും. സഞ്ജു മികച്ച പ്രകടനം നടത്തുകയും ഇന്ത്യ കിരീടം നേടുകയും ചെയ്താൽ പിന്നെ താരത്തെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ മുറവിളികൾ ഉയരുമെന്നുറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here