കുവൈത്ത് സിറ്റി: മൂന്ന് F15 വിമാനങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് അമേരിക്ക. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. ‘ഫ്രണ്ട്‍ലി ഫയര്‍’ എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ കുറിച്ച് അമേരിക്ക വിശേഷിപ്പിച്ചത്.
അമേരിക്കയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളിലൊന്നാണ് f-15. വലിയ സവിശേഷതകളുള്ള വിമാനങ്ങളാണിത്. അമേരിക്കൻ സൈനിക വിമാനങ്ങള്‍ തകര്‍ന്ന് വീണ വാര്‍ത്ത ആദ്യം ഇറാനിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിമാനം തകരുന്നതിന്‍റെയും പൈലറ്റ് സുരക്ഷിതനായി വാഹനത്തില്‍ പ്രവേശിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വെടിവെച്ചിട്ടതാണ് ഈ വിമാനങ്ങളെന്ന് അമേരിക്ക ഇപ്പോള്‍ സ്ഥിരീകരിച്ചു. യുദ്ധത്തിന്‍റെ ഭാഗമായി ഇറാൻ വെടിവെച്ചിട്ടതല്ലെന്ന് അമേരിക്ക വ്യക്തമാക്കുന്നു. ഇറാന്‍റെ വാദങ്ങൾ തള്ളിയാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്.

