ദുബായ് വിമാനത്താവളത്തിൽ ആക്രമണം; 4 പേർക്ക് പരിക്ക്, മേഖലയിൽ ഡ്രോണുകൾക്കും ഗ്ലൈഡറുകൾക്കും നിരോധനം

0
14

ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു. വിമാനത്താവള മേഖലയിൽ ഡ്രോണുകൾക്കും ഗ്ലൈഡറുകൾക്കും നിരോധനം ഏർപ്പെടുത്തി. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ ഒരു ഏഷ്യൻ പൗരൻ മരിച്ചതായും 7 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. രണ്ട് വിമാനത്താവളങ്ങളിലും സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ വന്ന ഡ്രോൺ തടഞ്ഞു. ഹോട്ടലിന്റെ പുറംഭാഗത്ത് ചെറിയ തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ല. മിസൈൽ അവശിഷ്ടങ്ങൾ വീണ 73 സംഭവങ്ങളാണ് ജോർദാനിൽ റിപ്പോർട്ട് ചെയ്തത്. ആർക്കും പരിക്കില്ലെങ്കിലും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ടെൽ അവീവിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യുഎസും ഇസ്രായേലും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ ആരോപിച്ചു. മിനാബിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 100-ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ഇറാൻ അംബാസഡർ ചൂണ്ടിക്കാട്ടി. മേഖലയിലെ യുഎസ്-ഇസ്രായേൽ സൈനിക താവളങ്ങളെല്ലാം ഇറാന്റെ നിയമാനുസൃതമായ ലക്ഷ്യങ്ങളാണെന്നും സ്വയം പ്രതിരോധത്തിനുള്ള അവകാശം തുടരുമെന്നും ഇറാൻ വ്യക്തമാക്കി.

അസ്തിത്വപരമായ ഭീഷണിയെ നേരിടാനാണ് ആക്രമണം നടത്തിയതെന്നും ഇറാൻ സിവിലിയൻ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രയേൽ ആരോപിച്ചു. ഭീഷണി നിലനിൽക്കുന്നിടത്തോളം സൈനിക നീക്കം തുടരുമെന്നാണ് ഇസ്രയേലിന്റെ നിലപാട്. തങ്ങളുടെ കപ്പലുകൾക്കോ സൈനികർക്കോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ചില താവളങ്ങളിൽ ഉണ്ടായ ചെറിയ നാശനഷ്ടങ്ങൾ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. ഇരുവിഭാഗത്തിന്റെയും ആക്രമണങ്ങൾ അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണെന്ന് അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here