ടെഹ്‌റാൻ: അടിച്ചും തിരിച്ചടിച്ചും ഇറാനും ഇസ്രയേലും. ഇറാനില്‍ യുഎസ് പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 747 പേര്‍ക്ക് പരിക്കേറ്റു. ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 85 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇറാനിലെ ജിംനേഷ്യത്തില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായി. ബഹ്‌റൈന്‍, കുവൈത്ത്, അബുദാബി, ഖത്തര്‍, ദോഹ, ദുബായ് അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടന്നു. ബഹ്‌റൈനില്‍ ജനവാസ മേഖലയില്‍ ആക്രമണം നടന്നു. അതിനിടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി.
ഖമനയി ജീവിച്ചിരിപ്പില്ല എന്നതിന് തെളിവുണ്ടെന്ന് നെതന്യാഹു പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഖമനയി കൊല്ലപ്പെട്ടുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചില്ല. അതേസമയം ഭരണകൂടത്തിനെതിരെ ഇറാന്‍ ജനത തെരുവിലിറങ്ങണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒരുമിക്കണം. അവസരം പാഴാക്കരുത്. ഇറാന്‍ ഭരകൂടത്തെ താഴെയിറക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു. ഖമനയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും രംഗത്തെത്തി. ഖമനയിയുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ ഇറാന്‍ ഈ വാദം തള്ളി. ഖമനയി സുരക്ഷിതനാണെന്ന് ഇറാന്‍ വിദേശ്യകാര്യ വക്താവ്
അറിയിച്ചു. ഇതിന് പിന്നാലെ ഖമനയി കൊല്ലപ്പെട്ടെന്ന വാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഇത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

