കുവൈത്ത് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങി; 12 മലയാളികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

0
10

കൊച്ചി: കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്ന് വൻതുക വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസിൽ 12 മലയാളികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബാങ്ക് ചീഫ് കൺസ്യൂമർ ഓഫിസർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്.

പ്രതികളിൽ 61 ലക്ഷം മുതൽ 1.17 കോടി രൂപ വരെ കബളിപ്പിച്ചവരുണ്ടെന്നാണ് പരാതി. വായ്പയെടുത്ത തുക ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം കുവൈത്ത് വിടുകയായിരുന്നു. പലരും നിലവിൽ മറ്റ് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതായാണ് വിവരം. വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, അയർക്കുന്നം, വെള്ളൂർ, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ പോത്താനിക്കാട്, കോതമംഗലം, അങ്കമാലി, പുത്തൻകുരിശ് സ്റ്റേഷനുകളിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുമിത മേരി സാം, ജോജോ മാത്യു, ടോണി പൂവേലിൽ ലൂക്കോസ്, റോബി മാത്യു, സിജോമോൻ ഫിലിപ്പ്, റെജിമോൻ ഫിലിപ്പ്, ജിഷ വർഗീസ്, പ്രിയദർശ് മാമ്പള്ളിൽ വാസവൻ, ബിബിൻ കുര്യാക്കോസ്, ലിസി ഷാജി, ടോണി പറോക്കാരൻ ജോണി, അനൂപ് ജോൺ കാവനാൽ എന്നിവരാണ് പ്രതികൾ.

LEAVE A REPLY

Please enter your comment!
Please enter your name here