ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിലായിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതമെന്നോണം ദുബായിലെ വിനോദസഞ്ചാര കേന്ദ്രമായ പാം ജുമൈറയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവരെ ഉടൻ മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റിയതായും ദുബായ് അധികൃതർ അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
നേരത്തെ, ഇറാന്റെ ആണവ-മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും അതിശക്തമായ “മുൻകൂട്ടി ആക്രമണം” നടത്തിയിരുന്നു. ഇറാന്റെ പ്രതിരോധ ശേഷി നിർവീര്യമാക്കാനാണ് ഈ നടപടിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. ഇതോടെ രാജ്യമൊട്ടാകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇസ്രയേൽ, ഇറാന്റെ ഭാഗത്ത് നിന്നുള്ള ഏത് തിരിച്ചടിയെയും നേരിടാൻ സൈന്യത്തെ സജ്ജമാക്കിയിരിക്കുകയാണ്.
അമേരിക്കൻ-ഇസ്രയേൽ നീക്കത്തിന് തൊട്ടുപിന്നാലെ ഇറാൻ അതിശക്തമായി പ്രതികരിച്ചു. ഗൾഫ് മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വച്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. യുഎഇക്ക് പുറമെ ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, സിറിയ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളായി മിഡിൽ ഈസ്റ്റ് കണ്ട ഏറ്റവും അപകടകരമായ ഒരു സുരക്ഷാ പ്രതിസന്ധിയിലേക്കാണ് നിലവിലെ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്.
മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ നയതന്ത്രതലത്തിൽ അടിയന്തര ഇടപെടലുകൾ ആരംഭിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയുമായും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാറുമായും ഫോണിൽ സംസാരിച്ചു. ഇറാനിലെയും ഗൾഫ് മേഖലയിലെയും സാഹചര്യങ്ങളിൽ ഇന്ത്യയുടെ “അഗാധമായ ആശങ്ക” അദ്ദേഹം അറിയിച്ചു. യുദ്ധം ഒഴിവാക്കണമെന്നും സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും ഇന്ത്യ ആവർത്തിച്ചു. പശ്ചിമേഷ്യയിൽ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന സാഹചര്യത്തിൽ, സംഘർഷം രൂക്ഷമാകുന്നത് വലിയ വെല്ലുവിളിയാണെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.

