കാൺപൂർ: ക്രിക്കറ്റ് കളിക്കിടെ ഗ്രൗണ്ടിലെത്തിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ മത്സരം നിയന്ത്രിച്ചിരുന്ന അമ്പയർ മരിച്ചു. നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കാൺപൂർ സ്വദേശിയായ മാണിക് ഗുപ്തയാണ് തേനീച്ചയാക്രമണത്തിൽ മരിച്ചത്.
കാൺപൂർ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിനിടെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം കളിക്കാരേയും അമ്പയർമാരേയും ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാനായി പലരും ഓടി രക്ഷപ്പെട്ടെങ്കിലും തലയിലും മുഖത്തും തേനീച്ച കുത്തേറ്റ മാണിക് ഗുപ്ത ഗ്രൗണ്ടിൽ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു അമ്പയർക്കും 15 ലേറെ കളിക്കാർക്കും തേനീച്ച ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

