നിയമസഭാ തിരഞ്ഞെടുപ്പ് 28ന് ശേഷം പ്രഖ്യാപിച്ചേക്കും; ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ നിർദേശം

0
21

ന്യൂഡൽഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. കേരളത്തെ കൂടാതെ അസം,തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽനിന്ന് സ്ഥലംമാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി.

കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരേ ജില്ലയിൽ മൂന്ന് വർഷം തുടരുന്നവരെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർ, എഡിഎമ്മുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, തഹസിൽദാർമാർ, ബിഡിഒ എന്നിവർക്കും റേഞ്ച് ADG മുതൽ സബ് ഇൻസ്‌പെക്ടർ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ഈ നിർദേശം ബാധകമാണ്. മെഡിക്കൽ ഓഫീസർമാരും അധ്യാപകരും അടക്കമുള്ള തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമില്ലാത്തവർക്ക് നിർദേശം ബാധകമല്ല. മെയ് 31നകം വിരമിക്കുന്ന ഉദ്യോഗസ്ഥരേയും ഒഴിവാക്കിയിട്ടുണ്ട്. ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകൾ നിലവിലുള്ളവരോ, അച്ചടക്ക നടപടികൾ നേരിടുന്നവരോ, മുൻ തിരഞ്ഞെടുപ്പുകളിൽ വീഴ്ച വരുത്തിയവരോ ആയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികളിൽ ഉൾപ്പെടുത്തരുതെന്നും നിർദേശമുണ്ട്. നിർദേശങ്ങൾ പാലിച്ച റിപ്പോർട്ട് ഫെബ്രുവരി 28നകം സമർപ്പിക്കാനാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഫെബ്രുവരി 28ന് ശേഷമായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക എന്നാണ് സൂചന. കേരളത്തിൽ മെയ് 23 വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി. പുതുച്ചേരിയിൽ ജൂൺ 15നാണ് നിലവിലെ സർക്കാർ കാലാവധി പൂർത്തിയാക്കുക. മറ്റിടങ്ങളിലെല്ലാം മെയിൽ കാലാവധി തീരും.

LEAVE A REPLY

Please enter your comment!
Please enter your name here