മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ നിസാരമല്ല; ഗുരുതരമായി പരിക്കേറ്റാൽ വധശ്രമത്തിന് കേസ്

0
7

ആലത്തൂർ: മദ്യപിച്ചയാൾ ഓടിച്ച വാഹനംമൂലമുള്ള അപകടത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കുണ്ടായാൽ ഇനി വധശ്രമക്കേസ് (308-ാം വകുപ്പ്) വരും. ജില്ലയിലെ പോലീസ് ഹൗസ് ഓഫീസർമാർക്ക് ജില്ലാ പോലീസ് മേധാവി ഈ നിർദേശം നൽകി.

മദ്യപിച്ചവർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് മറ്റുള്ളവർക്ക് അപകടം സംഭവിക്കുന്നത് വർധിച്ച സാഹചര്യത്തിലാണിത്. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യകേസ് ആലത്തൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.

കാവശ്ശേരി തെന്നിലാപുരം കോരത്തൊടിയിൽ ആഷാദ് (34) നെതിരെയാണ് കേസ്. ശനിയാഴ്ചരാത്രി 9.30-നായിരുന്നു സംഭവം. ആഷാദ് അമിതവേഗത്തിൽ ഓടിച്ച ബൈക്ക് തെന്നിലാപുത്ത് കാൽനടയാത്രക്കാരനായ വാനൂർ അമ്പലപ്പറമ്പ് കലാധരനെ ഇടിച്ചെന്നാണ് കേസ്.

ഇടത് കണങ്കാലിൽ എല്ലുപൊട്ടി ഗുരുതരാവസ്ഥയിലാണ് കലാധരൻ. ആലത്തൂർപോലീസ് ആഷാദിനെ കസ്റ്റഡിയിലെടുത്തു. ആഷാദ് സംഭവസമയം മദ്യലഹരിയിലായിരുന്നെന്ന് ആലത്തൂർപോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here