അമേരിക്കൻ കർഷകർക്ക് വൻ സബ്‌സിഡികൾ ലഭിക്കും, ഇന്ത്യൻ കർഷകരുടെ നട്ടെല്ലൊടിക്കും; വ്യപാര കരാറിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം

0
5
Ahead of PM Narendra Modi's US visit, Donald Trump has paused the FCPA under which Gautam Adani was charged | AP, Reuters

ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ ഒറ്റക്കെട്ടായും ശക്തമായും എതിർത്ത് പ്രതിപക്ഷ പാർട്ടികൾ. കരാർ ഏകപക്ഷീയവും രാജ്യത്തെ കർഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് അവർ അവകാശപ്പെട്ടു.

നരേന്ദ്ര മോദിയും സുഹൃത്തുക്കളായ അംബാനിയും അദാനിയും സ്വന്തം താൽപര്യങ്ങൾക്കായി ഇന്ത്യയിലെ സാധാരണ പൗരന്റെ താൽപര്യങ്ങൾ ത്യജിച്ചു. അവരെ അടിമകളെ പോലെയാക്കി. ഇത് നമ്മുടെ ആത്മാഭിമാനത്തോടുള്ള വിട്ടുവീഴ്ച മാത്രമല്ല, ദേശീയ താൽപര്യത്തോടുള്ള വിട്ടുവീഴ്ച കൂടിയാണ്. ഇത് ഒരു കരാറല്ല. ഇത് ഒരു കീഴടങ്ങലാണ്’ എന്ന് കോൺഗ്രസ് പ്രചാരണ വിഭാഗം മേധാവി പവൻ ഖേര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ കരാറിന് മുമ്പുതന്നെ ഇന്ത്യയുടെ യു.എസിലേക്കുള്ള കയറ്റുമതിയുടെ 40 ശതമാനവും തീരുവ രഹിതമായിരുന്നുവെന്നും, എന്നാൽ, യു.എസ് കാർഷിക-ഭക്ഷ്യ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ തീർത്തും ഇല്ലാതാക്കിയത് ഇന്ത്യൻ കർഷകരുടെ നട്ടെല്ല് തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവർ താരിഫ് 3 ശതമാനത്തിൽ നിന്ന് 50 ശതമാനമായി വർധിപ്പിച്ചു. പിന്നീട് അത് 18 ശതമാനമായി കുറച്ചു….അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 500 ബില്യൺ ഡോളറിന്റെ (44 ലക്ഷം കോടിയോളം രൂപ) ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇന്ത്യ എത്ര കയറ്റുമതി ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രി പറഞ്ഞിട്ടില്ല എന്നും എന്ന് ഖേര കൂട്ടിച്ചേർത്തു.

കൃഷി മേഖല സുരക്ഷിതമാണെന്ന് മന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ പറഞ്ഞത് കള്ളം ആയിരുന്നുവെന്നും ഇന്നതിന്റെ യാഥാർഥ്യവും സത്യവും മുഴുവൻ രാജ്യത്തിനും മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നുവെന്നും എ.എ.പി എം.പി സഞ്ജയ് സിങ് പറഞ്ഞു.

‘അമേരിക്കൻ കർഷകർക്ക് 70 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെ സബ്‌സിഡികൾ ലഭിക്കുന്നു. വാർഷിക കണക്കുകൾ പ്രകാരം, 1 കോടിയിൽ കൂടുതൽ. അതേസമയം, ഇന്ത്യൻ കർഷകർക്ക് കൃഷി എന്നത് അതിജീവനത്തിനുള്ള മാർഗമാണ്. തന്റെ സുഹൃത്ത് അദാനിക്ക് സമൻസ് ലഭിക്കുകയും യു.എസിൽ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി കേസുകളിൽ കുടുങ്ങുകയും ചെയ്തതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ആത്മാഭിമാനവും അന്തസ്സും പണയപ്പെടുത്തി. എപ്‌സ്റ്റൈൻ ഫയലുകളിൽ അദ്ദേഹത്തിന്റെ പേര് വന്നതിൽ നിന്നുള്ള സമ്മർദം മൂലമാണ് ഈ നടപടി സ്വീകരിച്ചതെന്നും സിങ് കൂട്ടിച്ചേർത്തു.

സർക്കാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ശിവസേന (യു.ബി.ടി) യുവ പ്രസിഡന്റ് ആദിത്യ താക്കറെയും രംഗത്തെത്തി. ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ പ്രഖ്യാപനങ്ങളുടെ ഘടകങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുമ്പോൾ, വാണിജ്യ മന്ത്രി അഭിപ്രായം പറയുമെന്ന് വിദേശകാര്യ മന്ത്രി പറയുന്നു. വിദേശകാര്യ മന്ത്രി അഭിപ്രായം പറയുമെന്ന് വാണിജ്യ മന്ത്രി പറയുന്നു. ഈ മന്ത്രിമാരിലും വകുപ്പുകളിലും ഒരു ആഭ്യന്തര പോരാട്ടമുണ്ടെന്ന് വ്യക്തമല്ലേ? കുറഞ്ഞപക്ഷം ട്രംപ് മാധ്യമങ്ങളുടെ ചോദ്യങ്ങളെയെങ്കിയും നേരിടുന്നു. രാജ്യത്തിന്റെ ഭരണം ഇതിനേക്കാൾ ഒരു സർക്കസായി മാറുന്നത് മുമ്പ് കണ്ടിട്ടില്ല -അദ്ദേഹം ‘എക്സി’ൽ പോസ്റ്റ് ചെയ്തു.

കരാർ അമേരിക്കക്ക് അനുകൂലമായി വളരെയധികം ചായ്‌വുള്ളതാണെന്നും അസമത്വം വ്യക്തമാണെന്നും മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം പറഞ്ഞു. എല്ലാ യു.എസ് വ്യാവസായിക ഉൽപന്നങ്ങൾക്കും വൈവിധ്യമാർന്ന ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുമ്പോൾ, ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന ഉൽപന്നങ്ങൾക്ക് യു.എസ് 18 ശതമാനം തീരുവ ചുമത്തും. ഈ ഉൽപന്നങ്ങളിൽ തുണിത്തരങ്ങൾ, തുകൽ വസ്തുക്കൾ, ജൈവ രാസവസ്തുക്കൾ മുതലായവ ഉൾപ്പെടും. കൂടാതെ ഇടക്കാല കരാർ വിജയകരമായി അവസാനിച്ചുകഴിഞ്ഞാൽ മാത്രമേ യു.എസ് തീരുവ നീക്കം ചെയ്യൂ എന്നും അ​ദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 12ന് വ്യാവസായിക, കാർഷിക തൊഴിലാളികളുടെ ദേശീയ പൊതു പണിമുടക്കിന് മുന്നോടിയായി കർഷകരുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (എസ്‌.കെ.എം) തങ്ങളുടെ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

കരാറിൽ ഒപ്പുവെക്കുന്നതിനെതിരെ മോദിക്ക് മുന്നറിയിപ്പ് നൽകിയ എസ്‌.കെ.എം, വാണിജ്യ മന്ത്രിയുടെ പങ്ക് ഒരു രാജ്യദ്രോഹമായി കണക്കാക്കുകയും അദ്ദേഹത്തിന്റെ അടിയന്തര രാജി ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും പറഞ്ഞു.

172 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളും 86 ശതമാനം ചെറുകിട, നാമമാത്ര കർഷകരും അവരുടെ ഉപജീവനമാർഗത്തിന് നേരെയുള്ള ഇന്ത്യൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്ന സാമ്രാജ്യത്വ ആക്രമണത്തിന്റെ കനത്ത ഭീഷണിയിലാണെന്നും അതിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here