ന്യൂഡൽഹി: ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി. 2004-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് അംഗീകാരം നൽകുന്നത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ അംഗങ്ങളുടെ ആവർത്തിച്ചുള്ള ബഹളത്തിനും മുദ്രാവാക്യം വിളികൾക്കും ശേഷം സ്പീക്കർ ലോക്സഭ നിർത്തിവെച്ചു.
ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാനെത്തുമെന്ന കണക്കുകൂട്ടലിൽ പ്രതിപക്ഷം വൻ പ്രതിഷേധത്തിനു കോപ്പുകൂട്ടിയിരുന്നു. മോദി സഭയിലേക്കു കടന്നുവരുന്ന ഇടനാഴിയിലേക്ക് കോൺഗ്രസ് വനിതാഅംഗങ്ങൾ ബാനറുമായി നീങ്ങി. ബി.ജെ.പി. അംഗം പി.പി. ചൗധരി നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ ആരംഭിച്ചപ്പോൾ മറ്റു പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഉടൻതന്നെ സഭ നിർത്തിവെക്കുന്നെന്ന് അധ്യക്ഷക്കസേരയിലുണ്ടായിരുന്ന പാനൽ അംഗം സന്ധ്യാ റായ് അറിയിക്കുകയായിരുന്നു.
ലോക്‌സഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് സ്പീക്കർ ഓം ബിർള നന്ദി പ്രമേയം വായിച്ചു. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നതിനിടെ ശബ്ദവോട്ടിലൂടെ പ്രമേയം പാസായി.
അതേസമയം പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ പ്രസംഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം നടക്കുന്നുണ്ട്.

