ബാബ എന്ന പേരിൽ തന്നെ മുഹമ്മദ് ഷൊയ്ബിന്‍റെ കട ഇനിയും പ്രവർത്തിക്കും, സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ദീപക്; എല്ലാം ശാന്തമായെന്ന് പൊലീസ്

0
9

കോട്ദ്വാർ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ബാബ’ എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലിയാണ് വിവാദങ്ങൾക്ക് പരിഹാരം. പ്രദേശത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമായ സിദ്ധബലി ബാബയുമായി ഈ പേരിന് സാമ്യമുണ്ടെന്നും, ഒരു മുസ്ലീം വ്യാപാരി ഈ പേര് ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും ആരോപിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. കടയുടെ പേര് മാറ്റണമെന്ന പ്രവർത്തകരുടെ ആവശ്യം സംഘർഷത്തിലേക്കും തെരുവുപ്രതിഷേധങ്ങളിലേക്കും നയിച്ചു.

ജനുവരി 28ന് പ്രതിഷേധക്കാർ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയതോടെ സ്ഥിതിഗതികൾ വഷളായി. ഈ സമയത്താണ് ജിം ഉടമയായ ദീപക് കുമാർ എന്ന യുവാവ് ഇടപെടുന്നത്. പ്രതിഷേധക്കാരെ ചോദ്യം ചെയ്ത ദീപക്, തന്റെ പേര് എന്താണെന്ന് ചോദിച്ചവരോട് ‘എന്‍റെ പേര് മുഹമ്മദ് ദീപക് എന്നാണ്’ എന്ന് മറുപടി നൽകി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ദീപക് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഹിന്ദുവായ താൻ തന്‍റെ മതത്തിൽ അഭിമാനിക്കുന്നുണ്ടെന്നും എന്നാൽ അതിനുമുമ്പ് താനൊരു ഇന്ത്യക്കാരനാണെന്നും ദീപക് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ ജനങ്ങൾ പരസ്പരം ശത്രുക്കളായി കണ്ടാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.

സംഘർഷം കനത്തതോടെ ജനുവരി 31-ന് പുറത്തുനിന്നുള്ളവർ ഉൾപ്പെടെ വലിയൊരു വിഭാഗം കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. ദീപക്കിനെതിരെ നടപടി വേണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തുകയും ഉത്തർപ്രദേശുമായുള്ള അതിർത്തികളിൽ പരിശോധന കർശനമാക്കുകയും ചെയ്തു. ക്രമസമാധാനം തകർത്തതിനും വർഗീയ സംഘർഷത്തിന് ശ്രമിച്ചതിനും 40-ഓളം പേർക്കെതിരെയും, പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് ദീപക്കിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

‘ബാബ’ എന്ന പേര് തുടരും
ഒടുവിൽ പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ തർക്കം പരിഹരിച്ചു. ഷൊയ്ബിന്‍റെ കട ‘ബാബ’ എന്ന പേരിൽ തന്നെ തുടർന്നും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ എസ് പി ചന്ദ്രമോഹൻ സിംഗ് മുന്നറിയിപ്പ് നൽകി. വിവാദങ്ങളെത്തുടർന്ന് തന്റെ ജിം അടച്ചിടേണ്ടി വന്നതായും കുടുംബത്തിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ദീപക് പ്രതികരിച്ചു. നിലവിൽ കോട്ദ്വാറിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here