ആരിക്കാടി ടോൾ പ്ലാസ; ജനകീയ പ്രക്ഷോഭത്തിന്റെ വിജയം,20 കി.മീറ്ററിനിടയിൽ രണ്ട് ടോൾ,ഒടുവിൽ പൂട്ട്

0
12

കുമ്പള: ദേശീയപാതയിൽ കുമ്പള ആരിക്കാടി ടോൾപ്ലാസയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയം. ടോൾപ്ലാസയുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമാകുകയും നിയമപോരാട്ടവുമായി ടോൾപ്ലാസ വിരുദ്ധസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത് ബിജെപി നേതാക്കളുടെ ഇടപെടലുമുൾപ്പെടെയുള്ള ഘടകങ്ങളാണ് ആരിക്കാടി ടോൾപ്ലാസയുടെ പ്രവർത്തനം നിർത്താൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്.

ടോൾ പിരിക്കുന്നതിനെതിരേ ജനകീയ സമരസമിതി ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജി ഈ മാസം 11-ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നടപടി. ഇതോടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ ദേശീയപാതയിൽ ആരിക്കാടിയിലും തലപ്പാടിയിലും രണ്ടിടങ്ങളിൽ ടോൾ നൽകേണ്ടിവരുന്ന ബാധ്യതയിൽനിന്ന് വാഹനയാത്രക്കാർ ഒഴിവാക്കപ്പെടും. ഇനി തലപ്പാടിയിൽമാത്രം ടോൾ നൽകിയാൽ മതിയാകും.

നിലവിൽ ആരിക്കാടി ടോൾപ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽനിന്ന് ഫാസ്റ്റ് ടാഗ് വഴി ടോൾ ഈടാക്കുന്നുണ്ട്. വാഹനയാത്രക്കാരിൽനിന്ന് നേരിട്ട് ടോൾ പിരിക്കാനുള്ള ദേശീയപാതാ അധികൃതരുടെ ശ്രമത്തെ സമരസമിതി പ്രതിഷേധത്തിലൂടെ തടഞ്ഞിരുന്നു.

ഇത് സംഘർഷത്തിൽ കലാശിക്കുകയും അഞ്ഞൂറോളം ആളുകളുടെ പേരിൽ പോലീസ് കേസെടുക്കുകയും ചെയ്തു. ടോൾ പ്ലാസയ്ക്ക് കേടുപാട് വരുത്തിയെന്ന പരാതിയിൽ പോലീസ് മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എ.കെ.എം.അഷ്‌റഫ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സംഭവവുമുണ്ടായി. പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ഏറെ ആശ്വാസകരമായ നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ആരിക്കാടി ടോൾ

കാസർകോട്: ദേശീയപാത 66-ലെ ആരിക്കാടി ടോൾ പ്ലാസയുടെ പ്രവർത്തനം 48 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന് കേന്ദ്രം ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ അറിയിച്ചതായി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി വ്യക്തമാക്കി. ടോൾ പ്ലാസ ഫയൽ അവസാനിപ്പിച്ചതായി കേന്ദ്ര ഉപരിതലഗതാഗത ഹൈവേസ് മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിൽനിന്ന് സംസ്ഥാന അധ്യക്ഷനെ വിളിച്ച് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ഉത്തരവിറങ്ങും. – അവർ പറഞ്ഞു. ടോൾ പ്ലാസ നിർത്തണമെന്നാവശ്യപ്പെട്ട് ദീർഘകാലമായി നാട്ടുകാർ സമരത്തിലായിരുന്നു. എ.കെ.എം. അഷ്‌റഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹവും നടന്നിരുന്നു.

നാടകം കളിക്കാനില്ല -എം.എൽ.അശ്വിനി

(ബിജെപി ജില്ലാ പ്രസിഡന്റ്)

:ആരിക്കാടി ടോസപ്ലാസ വിഷയത്തിൽ ചിലർ നാടകം കളിക്കുകയാണ്. മറ്റുള്ളവർ ചെയ്തതിന്റെ ക്രഡിറ്റ് ഏറ്റെടുക്കാനാണ് അവർ ശ്രമിക്കുന്നത്. ബിജെപി എന്നും ജനപക്ഷത്താണ്. ബിജെപി ജില്ലാ കമ്മിറ്റിയുടെ അപേക്ഷ കേന്ദ്രത്തിനു നൽകാൻ ഇടപെട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് നന്ദിയറിയിക്കുന്നു. ആരിക്കാടി ടോൾപ്ലാസ നിർത്തലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരോടും നന്ദിയുണ്ട്.

സമരപോരാട്ടത്തിന്റെ വിജയം -സി.എ.സുബൈർ (ഏരിയാ സെക്രട്ടറി സിപിഎം)

ജനകീയ സമരത്തിന്റെ വിജയമാണിത്. സമരത്തിനുമുന്നിൽ കേന്ദ്രം മുട്ടുമടക്കി. മൂന്ന് വിഭാഗങ്ങളാണ് ജനകീയ സമരത്തിന് പിന്തുണ നൽകാതിരുന്നത്. അത് എസ്ഡിപിഐ, ബിജെപി, കാസർകോട് എം പി എന്നിവരാണ്. സമരം വിജയിപ്പിച്ച സമരസമിതിയുടെ മുഴുവൻ പ്രവർത്തകരെയും അഭിനന്ദിക്കുന്നു.

സമരഭടന്മാർക്ക് നന്ദി- എ.കെ.എം. അഷ്റഫ് എംഎൽഎ

അനീതിക്കെതിരെ പൗരന്മാരെ അണിനിരത്തി നടത്തിയ സമരപോരാട്ടത്തിന്റെ വിജയമാണിതെന്ന് സമരത്തിന് നേതൃത്വം നൽകിയ എ.കെ.എം.അഷ്റഫ് എംഎൽഎ പ്രതികരിച്ചു. എല്ലാ സമരഭടന്മാർക്കും നന്ദിയുണ്ട്. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കുറേയധികം കേസുകളുണ്ടായിട്ടുണ്ട്. ഇപ്പോഴും ജാമ്യം കിട്ടാതെ കുമ്പളയിലെ ഇർഷാദ് ജയിലിൽ കഴിയുകയാണെന്നത് മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ജനപ്രതിനിധികൾ, കർമസമതി ഭാരവാഹികൾ എന്നിവർക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here