കടയുടെ പേരുമാറ്റണമെന്ന് ഭീഷണി; ബജ്രംഗ്ദൾ പ്രതിഷേധം തടഞ്ഞ് യുവാവ് പറഞ്ഞു, ‘മേരാ നാം മുഹമ്മദ് ദീപക്’

0
14

ദെഹ്‌റാദൂൺ: നിങ്ങൾക്കൊരു പേരാണ് പ്രശ്‌നമെങ്കിൽ ‘മേരാ നാം മുഹമ്മദ് ദീപക്’. വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിച്ച് വർഗീയസംഘർഷമുണ്ടാക്കാനെത്തിയ ബജ്രംഗ്ദൾ പ്രവർത്തകരെ ധൈര്യസമേതം നേരിട്ട ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണ് വാർത്തകളിലുടനീളം. മുസ്ലിം ഉടമസ്ഥതയിലുള്ള കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ടെത്തിയ ബജ്രംഗ്ദൾ പ്രവർത്തകരെയാണ് ദീപക് ചോദ്യംചെയ്തത്. എന്നാൽ, പ്രശ്‌നമുണ്ടാക്കിയവർക്കൊപ്പം ദീപക്കിന്റെപേരിലും പോലീസ് കേസെടുത്തു.

ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽ കഴിഞ്ഞ 26-നാണ് സംഭവം. 30 വർഷം പഴക്കമുള്ള ബാബ സ്‌കൂൾ ഡ്രസ് എന്ന കടയുടെ പേരിലെ ‘ബാബ’ എന്ന ഭാഗം മാറ്റണമെന്ന് രണ്ടരമാസംമുൻപാണ് ആവശ്യമുയർന്നത്. കോട്ദ്വാറിലെ സിദ്ധ്ബലി ബാബ ഹനുമാൻ ക്ഷേത്രത്തിന്റെപേരിന്റെ ഭാഗമാണ് ഈ വാക്കെന്നാണ് ബജ്രംഗ്ദളിന്റെ വാദം. തുടർന്ന് രണ്ടുതവണ സംഘർഷമുണ്ടായി. 70 വയസ്സുള്ളയാളാണ് കടയുടെ ഉടമസ്ഥനായ വക്കീൽ അഹമ്മദ്. റിപ്പബ്ലിക് ദിനത്തിൽ മുഹമ്മദിന്റെ കടയ്ക്കുമുന്നിൽ നാൽപ്പതോളം പേരെത്തി ബഹളമുണ്ടാക്കി. കടയുടെ സമീപത്തെ ജിംനേഷ്യം ഉടമയാണ് ദീപക്. സംഭവം എന്താണെന്ന് അന്വേഷിച്ച ദീപക്കിനോട് ഇടപെടേണ്ട എന്നാണ് പ്രതിഷേധക്കാർ താക്കീതുനൽകിയത്. എന്നാൽ, ഭീഷണി വകവെക്കാതെ ദീപക് സംഘത്തെ ചോദ്യംചെയ്തു.

ബാബ എന്നു പേരുള്ള വേറെയും കടകൾ ഇവിടെയുണ്ടല്ലോ, അവർക്കൊന്നും പ്രശ്‌നമില്ലേയെന്ന് വന്നവരോട് അയാൾ ചോദിച്ചു. അതൊക്കെ ഹിന്ദുക്കളുടെ കടകളാണെന്നായിരുന്നു മറുപടി. നിങ്ങളുടെ പേര് എന്താണ് എന്ന് ചോദിച്ചപ്പോൾ ‘മേരാ നാം മുഹമ്മദ് ദീപക്’ എന്ന് ദീപക് മറുപടിപറഞ്ഞു. ഇതിനുപിന്നാലെ സംഘം സ്ഥലംവിട്ടെങ്കിലും പിന്നീട് ഒരുകൂട്ടമാളുകൾ കോട്ദ്വാറിലെ പാർക്കിലെത്തി ദീപക്കിനെതിരേ മുദ്രാവാക്യം വിളിച്ചു. കുടുംബത്തിനെതിരേ ഭീഷണിയുമുയർത്തി. താനൊരു ഇന്ത്യക്കാരനാണെന്നും എല്ലാവരും നിയമത്തിനുമുന്നിൽ ഒരുപോലെയാണെന്നും സ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും ദീപക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here