മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

0
241

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആളും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഇന്നലെ രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി ഭര്‍ത്താവാണ് മരിച്ച ഷേക്ക് അബ്ബ. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊലപാതക കേസിൽ ഉമ്മര്‍ ഫറൂഖിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

ഉമര്‍ ഫറൂഖിന്‍റെ അറസ്റ്റ് മഞ്ചേശ്വരം പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. ഭാര്യ സഹോദരിയുടെ വീട്ടിലെത്തിയാണ് പ്രതി കൊല നടത്തിയത്. ഇയാളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മറിയം ജുമൈലയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നതെന്നാണ് വിവരം.

പ്രതി ഉമർ ഫറൂഖും ഭാര്യ സഹോദരിയുടെ ഭര്‍ത്താവായ ഷേക്ക് അബ്ബയും തമ്മിലായിരുന്നു സ്വത്ത് തര്‍ക്കമുണ്ടായത്. ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനെയാണ് ഇയാള്‍ ആദ്യം കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഭാര്യാസഹോദരിയെയും ആക്രമിച്ചു. പിതാവിന്‍റെ അതിക്രമം തടയാനെത്തിയതായിരുന്നു മറിയം. ഇതിനിടെയാണ് പെണ്‍കുട്ടിക്കും വെട്ടേറ്റത്. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here