ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഐടി റെയ്ഡ് നടത്തിയിരുന്നു. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ഐടി റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്.
അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ഓഫീസ് പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. നാരായണ ഹോസ്പിറ്റലിലാണ് റോയിയുടെ മൃതദേഹം ഉള്ളത്.
റിയൽ എസ്‌റ്റേറ്റ് രംഗത്താണ് കോൺഫിഡന്റ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഗൾഫിലും ഗ്രൂപ്പിന് നിരവധി സംരംഭങ്ങളുണ്ട്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഐടി റെയ്ഡ് നടന്നത് എന്നാണ് സൂചന. കേരളത്തിലും ബംഗളൂരുവിലും ഗൾഫിലും കമ്പനിക്ക് നിക്ഷേപമുണ്ട്. സിനിമാ നിർമാണരംഗത്തും റോയ് പ്രവർത്തിച്ചിരുന്നു. നാല് സിനിമകൾ സി.ജെ റോയ് നിർമിച്ചിട്ടുണ്ട്.

