സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

0
7

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. വോട്ടർപട്ടിക പരിഷ്കരിക്കാനുള്ള തങ്ങളുടെ അധികാരത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ വാദിച്ചപ്പോഴാണ് പരാമർശമുണ്ടായത്. വ്യാഴാഴ്ചയും വാദം തുടരും.

‘ജനപ്രാതിനിധ്യ നിയമത്തിൽനിന്ന് വ്യതിചലിച്ചാണോ കമ്മിഷൻ എസ്‌ഐആർ നടപടികളുമായി മുന്നോട്ടുപോകുന്നത്’ എന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിച്ചത്. വോട്ടർപട്ടികയുടെ സ്ഥിരവും കൃത്യമായ ഇടവേളയിലുള്ളതുമായ പരിഷ്കരണത്തിന് പുറമേ ഏതുസമയത്തും പ്രത്യേക തീവ്ര പരിഷ്കരണം നടത്താൻ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പ് തങ്ങൾക്ക് അധികാരം നൽകുന്നതായി കമ്മിഷൻ വാദിച്ചു.

പൗരാവകാശത്തെ ബാധിക്കുന്നെങ്കിൽ എന്തുകൊണ്ട് ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുകൂടെന്ന് കോടതി ചോദിച്ചു. കമ്മിഷൻ പ്രത്യേകകാരണങ്ങൾ എഴുതി അറിയിക്കാത്ത പക്ഷം ഓരോ തിരഞ്ഞെടുപ്പിന് മുൻപും വോട്ടർപട്ടിക പരിഷ്കരിക്കണമെന്ന് രണ്ടാം ഉപവകുപ്പിൽ പറയുന്നു. ഒരു യോഗ്യതാ തീയതി നിശ്ചയിച്ച് ഏതുവർഷവും പരിഷ്കരണം നടത്താം. ഈ രീതിയിൽ പരിഷ്കരിക്കപ്പെട്ടില്ലെങ്കിൽ നിലവിലെ പട്ടിക തുടരുന്നതിനെ അത് ബാധിക്കരുതെന്നും രണ്ടാം ഉപവകുപ്പിൽ പറയുന്നു. രണ്ടും മൂന്നും ഉപവകുപ്പുകൾ ഒരേസമയം ചേർന്നുപോകില്ലെന്നതാണ് തനിക്ക് പറയാനുള്ളതെന്ന് കമ്മിഷനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു.

ചട്ടത്തിനപ്പുറത്തേക്ക്‌ പോകാൻ നിയമത്തിലെ വകുപ്പുകൾ കമ്മിഷന് അധികാരം നൽകുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാനുള്ള സ്വാതന്ത്ര്യം മൂന്നാം ഉപവകുപ്പ് നൽകുന്നുണ്ടെന്ന് ദ്വിവേദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here