ബീഫ് വരുമാനം 34,177 കോടി, ലോകശക്തികളെ കീഴടക്കി ഇന്ത്യ, മുന്നിൽ നയിച്ച് യുപി

0
9

ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്ഷീരവികസന മേഖലയിൽ വലിയ മുന്നേറ്റം പ്രകടമാണ്. ഓരോ വർഷവും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെയും ഇറച്ചിയുടെയും അളവ് കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിൽ ഉത്തരേന്ത്യ അതിവേഗം കുതിക്കുകയാണ്. ലോക വിപണിയിലേക്ക് ഏറ്റവും കൂടുതൽ പാൽ ഉൽപന്നങ്ങളും ഇറച്ചിയും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ ഉണ്ട്.

ആഗോളവിപണിയിൽ താരിഫുകളും മറ്റു വെല്ലുവിളികളും നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതി അതിവേഗം കുതിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമാണ് ഇന്ത്യ. ലഭ്യമായ കണക്കുകൾ പ്രകാരം ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യ പ്രതിവർഷം ഏകദേശം 380 കോടി ഡോളർ (ഏകദേശം 34,177 കോടി രൂപ) വരുമാനം ഉണ്ടാക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലുമാണ് പ്രധാനമായും ഇന്ത്യയിൽ നിന്നുള്ള ബീഫ് വിൽക്കുന്നത്. വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി, യുഎഇ, ഈജിപ്ത്, ഇറാഖ് തുടങ്ങി രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള എരുമ മാംസം കയറ്റുമതി ചെയ്യുന്നത്.

ഇന്ത്യയിലെ ബീഫ് കയറ്റുമതി വ്യവസായം അതിവേഗം വികസിക്കുകയാണ്. അറവുശാലകൾ, സംസ്കരണ പ്ലാന്റുകൾ, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ വിപുലമായ ശൃംഖല തന്നെ ഇന്ത്യയിലുണ്ട്. മെലിഞ്ഞതും പോഷകസമൃദ്ധവുമായ ഗുണങ്ങൾക്ക് പേരുകേട്ട ഇന്ത്യയിലെ എരുമയിറച്ചിക്ക് ആഗോളതലത്തിൽ ഉയർന്ന ഡിമാൻഡാണ്. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം ബീഫ് കയറ്റുമതിയുടെ ഭൂരിഭാഗവും എരുമയിറച്ചിയാണ്.

അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്, ഫെയർ എക്‌സ്‌പോർട്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അൽ ഹംദ് അഗ്രോ ഫുഡ് പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മിർഹ എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്‌എംഎ അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ്, അൽ ഫഹീം മീറ്റക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതിക്കാർ. ബീഫ് കയറ്റുമതിയുടെ 60 ശതമാനവും ഉത്തർപ്രദേശില്‍ നിന്നാണെന്നാണ് ലഭ്യമായ കണക്കുകൾ പറയുന്നത്. തൊട്ടുപിന്നിലെ മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളുമുണ്ട്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ എരുമ മാംസ കയറ്റുമതി ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഇത് മാംസ സംസ്കരണ, കയറ്റുമതി മേഖലകളിൽ ആയിരക്കണക്കിന് പേർക്ക് തൊഴിലവസരങ്ങൾ നൽകുന്നുണ്ട്. മാംസ സംസ്കരണ വ്യവസായത്തിൽ നിന്നുള്ള ഉപോൽപന്നങ്ങൾ ഉപയോഗപ്പെടുത്തുന്ന തുകൽ, ഔഷധങ്ങൾ തുടങ്ങി അനുബന്ധ വ്യവസായങ്ങളുടെ വികസനത്തിനും ഈ വ്യവസായത്തിന്റെ വളർച്ച കാരണമായി.

ലോകമെമ്പാടും ന്യായമായ വിലയ്ക്ക് മികച്ച നിലവാരമുള്ള മാംസത്തിനായുള്ള ആവശ്യകത വർധിച്ചുവരുന്നതിനാൽ 2026ൽ ഇന്ത്യയുടെ ബീഫ് കയറ്റുമതി മേഖല ശ്രദ്ധേയമായ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർധിച്ചുവരുന്ന ഉൽപാദന ശേഷി, സർക്കാർ സഹായം, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വികസിച്ചുകൊണ്ടിരിക്കുന്ന വിപണികൾ എന്നിവ ബിസിനസുകൾക്കും കയറ്റുമതിക്കാർക്കും ഒരുപോലെ ശോഭനമായ ഭാവിയാണ് വാഗ്ദാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here