ലഖ്നൗ: രോഗബാധിതനായി മരിച്ച ഹിന്ദു യുവാവിന്റെ സംസ്കാര കർമങ്ങൾ നടത്തി മുസ്‌ലിം യുവാവും സുഹൃത്തുക്കളും. ഉത്തർപ്രദേശിലെ ദയൂബന്ദിലാണ് സാഹോദര്യത്തിന്റെ മനോഹര പാഠം. വൃക്കരോഗം ബാധിച്ച് മരിച്ച കോഹ്‌ല ബസ്തി സ്വദേശിയായ 40കാരൻ അജയ് കുമാറിന്റെ മൃതദേഹമാണ് മുസ്‌ലിം യുവാവും സുഹൃത്തുക്കളും ചേർന്ന് ഹിന്ദു ആചാരപ്രകാരം സംസ്കരിച്ചത്.
മെക്കാനിക്കായ അജയ് കുമാർ കോഹ്‌ല ബസ്തി പ്രദേശത്ത് 20 വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഡിസംബർ 27നാണ് ഇദ്ദേഹം മരിച്ചത്. എന്നാൽ അന്ത്യകർമങ്ങൾ ചെയ്യാൻ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇതോടെ, പ്രദേശത്തെ കോർപറേറ്ററായ ഗുൽഫാം അൻസാരി അന്ത്യകർമങ്ങൾ ചെയ്യാൻ തയാറാണെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് ഗുൽഫാം അൻസാരിയും കൂട്ടുകാരും ചേർന്ന് ചിത തയാറാക്കുകയും അജയ്‌യുടെ മൃതദേഹം ദയൂബന്ദിലെ ദേവികുണ്ഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയും ആചാരങ്ങളനുസരിച്ച് സംസ്കാരം നടത്തുകയുമായിരുന്നു.
തങ്ങൾക്ക് ഹിന്ദു ആചാരങ്ങൾ അറിയാത്തതിനാൽ ഹിന്ദു സമൂഹത്തിലെ ആളുകളുടെ ഉപദേശപ്രകാരം സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നെന്ന് ഗുൽഫാം പറഞ്ഞു.
സംസ്കാര ചടങ്ങുകൾക്ക് ശേഷം ഗുൽഫാമും സുഹൃത്തുക്കളും അജയ്‌യുടെ കുടുംബക്കാർക്കും വീട്ടിലെത്തിയ ആളുകൾക്കും മൂന്ന് ദിവസം ഭക്ഷണം തയാറാക്കി നൽകിയതായി നാട്ടുകാർ പറഞ്ഞു.

